Mar 21, 2011

ഒരു ലിബിയന്‍ വീരഗാഥ

സഖ്യ കക്ഷികള്‍ ലിബിയയില്‍ ബോംബാക്രമണങ്ങള്‍ തുടങ്ങിയ വിവരം ഒരു നടുക്കത്തോടെയാണ് ഇന്നലത്തെ പത്രത്തില്‍ വായിച്ചത്, ഇറാഖിന്റെ പാതയിലേക്ക് മറ്റൊരു രാജ്യം കൂടി വന്നുപെട്ടിരിക്കുന്നു....എല്ലാത്തിനും കാരണം എണ്ണ തന്നെ...

ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നും 1200 കി.മി ദൂരെ A100 എന്ന എണ്ണപ്പാടത്ത് ജിയോ സര്‍വീസിന്റെ ക്യാമ്പിലായിരുന്നു എനിക്ക് ജോലി.ക്യാമ്പ് സ്ഥിതി ചെയ്യുന്നത് അറ്റമില്ലാതെ കിടക്കുന്ന സഹാറാ മരുഭൂമിയിലാ‍യിരുന്നു.


അങ്ങ് ദൂരെ ബന്‍‌ഗാസി എന്ന മറ്റൊരു പട്ടണത്തില്‍ നിന്നും തുടങ്ങിയ പ്രക്ഷോഭം ആളി പടരാന്‍ ചുരുങ്ങിയ ദിവസങ്ങളേ വേണ്ടി വന്നുള്ളൂ...കൂടെ ജോലി ചെയ്തിരുന്ന ഓരോ ലിബിയക്കാരന്റെയും ഉള്ളില്‍ ഗദ്ദാഫിക്കെതിരെയുള്ള വികാരം ആളിക്കത്തുന്നുണ്ടായിരുന്നു.

42 വര്‍ഷത്തെ ഏകാധിപത്യ ഭരണം അവരെ ശെരിക്കും ഗദ്ദാഫി വിരുദ്ദരാക്കിയിരുന്നു.

പക്ഷേ ടുണീഷ്യയിലും ഈജിപ്റ്റിലും കണ്ടപോലെ തൊഴിലില്ലായ്മ ലിബിയയില്‍ ഒരു പ്രശ്നമായിരുന്നില്ല...ജോലിക്കാര്‍ക്ക് ശമ്പളം കുറവായിരുന്നെങ്കിലും മിക്കവര്‍ക്കും ജോലിയുണ്ടായിരുന്നു.ഏകാധിപത്യം ജനങ്ങള്‍ എങ്ങനെ വെറുക്കുന്നു എന്നതിന്നുള്ള ഒരുദാഹരണം കൂടിയാണ് ലിബിയയിലുണ്ടായ ഈ പ്രക്ഷോഭം.

ഏതൊരു രാജ്യത്തെയും അവിടുത്തെ പൊതു സമ്പത്തായ എണ്ണപ്പാടം സിവില്‍ യുദ്ധങ്ങളില്‍ നിന്നെല്ലാം സംരക്ഷിക്കുകയാണ് പതിവ്.ലിബിയയില്‍ ആ പതിവ് തെറ്റിച്ചു.ഞങ്ങള്‍ ജോലിചെയ്യുന്ന ഫീല്‍ഡിലും അടുത്ത പ്രദേശങ്ങളിലുമുള്ള മുഴുവന്‍ പോലീസിനേയും പട്ടാളക്കാരേയും ഗദ്ദാഫി തിരിച്ചു വിളിച്ചു,ഈ തക്കം നോക്കി കൊള്ളക്കാരിറങ്ങി...എങ്ങും അശാന്തിയുടെ വിത്തുകള്‍ പാകിക്കൊണ്ട്..

പുറം രാജ്യങ്ങളിലേക്കുള്ള വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ ആദ്യം തന്നെ ഗദ്ദാഫി കൊട്ടി അടച്ചിരുന്നു.വീട്ടിലുള്ളവരെ വിവരം അറിയിക്കാന്‍ ഞങ്ങളെല്ലാവരും നന്നേ പാട് പെട്ടു..

ഫെബ്രുവരി 21ന് പുലര്‍ച്ചെ ഞങ്ങളുടെ അടുത്ത ക്യാമ്പായ ബൊണാട്ടിയില്‍ കൊള്ളക്കാര്‍ ഇടിച്ചു കയറി .16 ലാന്റ് ക്രൂസര്‍ കാറുകള്‍,11 ട്രക്കുകള്‍,ട്രക്കുകളില്‍ നിറയെ വിലപിടിപ്പുള്ള ജെനറേറ്ററും മറ്റും കൊള്ളക്കാര്‍ കൊണ്ട് പോയി.കൊള്ളക്കാരുടെ ബഹളം കാരണം രാത്രി നന്നായി ഉറങ്ങാന്‍ പറ്റിയിരുന്നില്ല.പിറ്റേന്ന് കാലത്താണ് ക്യാമ്പില്‍ നിന്നാലുള്ള പ്രശ്നങ്ങളെ ക്കുറിച്ച് കൂടുതലായി എല്ലാവരും ചിന്തിച്ച് തുടങ്ങിയത്.

ഫെബ്രുവരി 21ന് രാത്രി ഞങ്ങളുടെ കേമ്പിന് പുറത്ത് കൊള്ളക്കാര്‍ വലിയ വാളുകളും മറ്റ് മാരകായുധങ്ങളുമായി ഒരു വലിയ വ്യൂഹം തന്നെ തീര്‍ത്തിരുന്നു.തക്ക സമയത്ത് അവിടുത്തെ ഒരു സെക്യൂരിറ്റി മേധാവി വന്ന് ഇടപെട്ട് കൊള്ളക്കാരെ പറഞ്ഞ് വിട്ടു.



അടുത്ത ദിവസം ഉച്ചക്ക് 12 മണിക്ക് ജിയോ സര്‍വീസിന്റെ എല്ലാ വാ‍ഹനങ്ങളുമായി ഞങ്ങള്‍ 150 കി.മി ദൂരെയുള്ള A103 സ്ലംബര്‍ജെര്‍ കാമ്പിലേക്ക് (‘കോണ്‍‌വോയി’ ആയി) എല്ലാ വാ‍ഹനങ്ങളും ഒരുമിച്ച് മരുഭൂമിയിലൂടെ യാത്ര തിരിച്ചു.ഒരു ബുദ്ധിമുട്ടും കൂടാതെ ഞങ്ങള്‍ എല്ലാവരും സ്ലംബര്‍ജെര്‍ കാമ്പില്‍ എത്തുകയും ചെയ്തു.(സ്ലംബര്‍ജറിന്റെ
ഒരു വിങ്ങാണ് ജിയോസര്‍വീസസ്).



കൂടെ ജോലിചെയ്യുന്ന അല്‍തായിഫ് എന്ന ലിബിയക്കാരനും റൂദ്എന്ന ഹോളണ്ടുകാരനും

അവിടെ എത്തി കുറച്ച് സമയത്തിന് ശേഷമാണ് കാതടിപ്പിക്കുന്ന ശബ്ദത്തില്‍ കൊള്ളക്കാര്‍ കേമ്പിന്റെ മുന്നില്‍ വന്ന് നിന്ന് കലാശ്നിക്കോവ് കൊണ്ട് ഗര്‍ജ്ജിച്ചത്.ഠേ..ഠേ...ഠേ... വെടിയൊച്ചകേട്ട് വിരണ്ടാളുകള്‍ നാലുപാടുമോടി.....പിന്നീടാണറിഞ്ഞത് രണ്ട് ‘ടൊയോട്ട’ പികപ്പിന് വേണ്ടിയാണ് കൊള്ളക്കാര്‍ മുറവിളികൂട്ടിയതെന്നും ആദ്യം ആകാശത്തേക്ക് വെടി വെച്ചശേഷം തോക്കെടുത്ത് കമ്പനി ഇന്‍ ചാര്‍ജിന്റെ നേരെ നീട്ടി ....തോക്കിനേക്കാള്‍ ഗാംഭീര്യമുള്ള ശബ്ദത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു, ജീവന്‍ ബാക്കി വേണമെങ്കില്‍ രണ്ട് പിക് അപ്പിന്റെ താക്കോല്‍ അവര്‍ക്ക് എറിഞ്ഞ് കൊടുക്കാന്‍..

അവിടവും സുരക്ഷിതമല്ലെന്ന് ഞങ്ങള്‍ തിരിച്ചറിയുകയായിരുന്നു.അധികം താമസിയാതെ തന്നെ അമ്പതോളം വരുന്ന സ്ലംബര്‍ജറിന്റെ കാറുകളിലും ട്രക്കുകളിലുമായി ഞങ്ങള്‍ ‘ഓജല’ എന്ന അടുത്ത സിറ്റിയിലേക്ക് നീങ്ങി....ഞങ്ങളുടെ വാ‍ഹനങ്ങള്‍ മരുഭൂമിയെ ഒരു തിരക്ക് പിടിച്ച നഗരം പോലെയാക്കി മാറ്റി.

ഒന്നര മണിക്കൂര്‍ യാത്ര ചെയ്ത് ഞങ്ങള്‍ ഓജലയിലെത്തി...പക്ഷേ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു ആംബുലന്‍സ് മിസ്സിംഗായിരുന്നു...ഞങ്ങളുടെ കൂടെ നിരനിരയായി വന്ന വാഹന വ്യൂഹത്തില്‍ ആംബുലന്‍സ് ഏറ്റവും അവസാനമായിരുന്നു,തക്കം നോക്കി കൊള്ളക്കാര്‍ അവരെ പിടികൂടി...അതിലുണ്ടായിരുന്ന ആള്‍ക്കാര്‍ക്ക് അവരുടെ പാസ്പോര്‍ട്ട് എടുക്കാന്‍ പോലും സാവകാശം കൊടുക്കാതെ കൊള്ളക്കാര്‍ വണ്ടിയുമായി ഓടിമറഞ്ഞു....

വണ്ടിയില്‍ നിന്നും ഇറക്കിവിട്ട ആള്‍ക്കാര്‍ മരുഭൂമിയിലൂടെ കുറെ ദൂരം നടന്നപ്പോള്‍ മൊബൈലിന് സിഗ്നല്‍ കിട്ടി,അതുകൊണ്ട് അവര്‍ ജീവനോടെ രക്ഷപ്പെട്ടു.


കൂടെ ജോലി ചെയ്യുന്ന അബ്ദുല്‍ റഹീമെന്ന വ്യക്തിയുടെ ഫാം ഹൌസിലാണ് ഞങ്ങള്‍ 28 പേര്‍ താമസിച്ചത്.ബാക്കി വരുന്ന 200 ഓളം ആള്‍ക്കാര്‍ അടുത്തൊരു കല്യാണ മണ്ഡപത്തില്‍ അഭയം തേടി.

കൊടും തണുപ്പില്‍ നിന്നും രക്ഷനേടാ‍ന്‍ ഹീറ്ററില്ലാത്തത് കൊണ്ട് ,ഞങ്ങള്‍ ഒരു വലിയ ക്യാമ്പ് ഫയറുണ്ടാക്കി അതിന് ചുറ്റിലും വട്ടം കൂടിനിന്ന് തണുപ്പില്‍ നിന്നും രക്ഷ തേടി..





അബ്ദുല്‍ റഹീം ഞങ്ങള്‍ക്ക് കിടക്കാന്‍ ബെഡ്ഡും ബ്ലാങ്കറ്റുകളുമെല്ലാം ചുരുങ്ങിയ സമയം കൊണ്ട് ഏര്‍പ്പാട് ചെയ്തിരുന്നു.രണ്ട് മുറിയും ഒരു ഹാളുമുള്ള ആ വീട്ടില്‍ ഞങ്ങള്‍ സുരക്ഷിതരായി അന്തിയുറങ്ങി,സ്ഥല സൌകര്യങ്ങള്‍ പരിമിതമായിരുന്നെങ്കിലും..


ആളുകള്‍ മുഴുവന്‍ സമയവും ടിവിക്ക് മുന്‍പില്‍ കണ്ണും നട്ട് ഇരുപ്പുണ്ടായിരുന്നു.

ഞങ്ങളെല്ലാവര്‍ക്കും ട്രിപ്പോളി വഴി മാത്രമേ രാജ്യം വിടാന്‍ പറ്റുമായിരുന്നുള്ളൂ കാരണം ഞങ്ങളുടെ എല്ലാവരുടേയും പാസ്പോര്‍ട്ട് ട്രിപ്പോളിയിലുള്ള കമ്പനി ഓഫീസിലായിരുന്നു.1200 കി മി ദൂരം റോഡ് വഴി പോകുന്നത് ആത്മഹത്യക്ക് തുല്യമാണ് ,കാരണം ഏത് സമയത്തും കൊള്ളക്കാര്‍ ഞങ്ങളെ ആക്രമിക്കാം..അല്ലെങ്കില്‍ ഗദ്ദാഫിയുടെ ആക്രമണങ്ങളില്‍ അകപ്പെടാം.

കൂടെ ജോലിചെയ്യുന്ന ഒരുത്തന്റെ ട്രിപ്പോളിയിലുള്ള അമ്മാവനും ,അമ്മാവന്റെ മകനും,മകളും എല്ലാവരും കൊല്ലപ്പെട്ടിരുന്നു...ഇവരാരും മരണമടഞ്ഞത് ഗദ്ദാഫിക്കെതിരെ യുദ്ദം ചെയ്തിട്ടായിരുന്നില്ല...പക്ഷേ ...പട്ടാപ്പകല്‍ റോഡിലൂടെ നടന്ന് പോകുമ്പോളാണ്...

ലെന്‍സ് വഴി നോക്കി വിദൂര ദിക്കില്‍ നിന്നും വെടിവെക്കാവുന്ന സ്നൈപ്പര്‍ ഗെണ്ണുകള്‍ എല്ലാ‍ കെട്ടിടങ്ങളുടെ മുകളില്‍ നിന്നും നിരന്തരം വെടി ഉതിര്‍ത്തു കൊണ്ടിരിക്കുകയായിരുന്നു ...


രാവിലത്തെ ഭക്ഷണമായിരുന്നു ഉണക്ക കാരക്കയും,ഉണക്ക റൊട്ടിയും..


ഫാമിലെ ജോലിക്കാരന്‍..


ഫാമില്‍ നമ്മുടെ നാട്ടിലെപോലെ കോഴിയും താറാവും ആടും പശുവും എല്ലാമുണ്ടായിരുന്നു.






പച്ചക്കറി കൃഷി...


ഓജലയില്‍ ഞങ്ങള്‍ സുരക്ഷിതരായിരുന്നു.പക്ഷേ മൂന്ന് നാല് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും അവിടെ നിന്നും രക്ഷപ്പെടുന്ന കാര്യത്തില്‍ മാത്രം ഒരു തീര്‍പ്പുമുണ്ടായില്ല.

ഫ്ലൈറ്റ് പിടിച്ചാല്‍ മാത്രമേ അവിടെ നിന്നും രക്ഷപ്പെടാന്‍ ഞങ്ങള്‍ക്ക് പറ്റുകയുള്ളൂ..പക്ഷേ ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും 100 കി മി ചുറ്റളവില്‍ ചെറിയ എയര്‍ സ്ട്രിപ്പുണ്ടെങ്കിലും ആരും തന്നെ ഫ്ലൈറ്റ് അയച്ചു തരാന്‍ തയ്യാറായിരുന്നില്ല.
(തുടരും..)

18 comments:

Jazmikkutty said...

പേര് പോലെ തന്നെ ഇതൊരു വീരഗാഥ തന്നെ...പെട്ടെന്ന് തന്നെ അടുത്തഭാഗം എഴുതണേ..അല്ലേല്‍ ശ്വാസം മുട്ടി മരിക്കും..അപ്പോള്‍ പെട്ടെന്നാവട്ടെ..കുഞ്ഞായീ..

നിരക്ഷരൻ said...

ലിബിയൻ എണ്ണപ്പാട വീരഗാഥ അല്ലേ ? അവിടന്ന് രക്ഷപ്പെട്ടെന്ന് അറിഞ്ഞ അന്ന് മുതൽ കാത്തിരിക്കുന്നതാണ് ഈ വിവരണം. ബാക്കി വായിച്ചിട്ട് പറയാം.

നിരക്ഷരൻ said...

ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു, ഇരിപ്പുറക്കുന്നില്ല.

തോക്കിന്റെ മുന്നിൽ ചെന്ന് ചാടാതെയുള്ള എണ്ണപര്യവേഷണം മാത്രമേ ഇക്കാലത്തിനിടയ്ക്ക് നടത്തിയിട്ടുള്ളൂ. ജ്ജ് കമ്പനി മാറി ഞമ്മളെ ഓവടേക്ക് ചെയ്ത് കളഞ്ഞ് പഹയാ.. :)

Kalesh Kumar said...

Hope you are safe...
Waiting to read the next part...
God Bless you and your companions..

Tolerance said...

hope you are safe...
eagerly waiting for the rest of the story...
praying for this unknown virtual friend...

Manju Manoj said...

ദൈവമേ..... ചിന്തിക്കാന്‍ വയ്യ ആ അവസ്ഥ.... രക്ഷപെട്ടു എന്ന് മനസ്സിലായെങ്കിലും അതെങ്ങനെ എന്നറിയാന്‍ ആഗ്രഹമുണ്ട്...

Typist | എഴുത്തുകാരി said...

ബാക്കി കൂടി അറിയാൻ കാത്തിരിക്കുന്നു.

Unknown said...

ബാക്കി ഭാഗം എന്താണ് ...കാത്തിരിക്കുന്നു

പഞ്ചാരകുട്ടന്‍ -malarvadiclub said...

എന്തൊക്കെ അയാളും രക്ഷപെട്ടന്ന്‍ വിചാരിക്കുന്നു.
അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ

ഒരു യാത്രികന്‍ said...

വേദനയോടെ തന്നെ വായിച്ചു.എല്ലാവരും സുരക്ഷിര്‍ഹാര്‍ എന്ന് വിശ്വസികാനാണ് ഇഷ്ടം....സസ്നേഹം

Manickethaar said...

god bless you,

കുഞ്ഞായി | kunjai said...

ജാസ്മികുട്ടി:ആദ്യത്തെ കമന്റിന് പ്രത്യേകം നന്ദി,അടുത്ത ഭാഗം ഉടന്‍ തന്നെ പോസ്റ്റ് ചെയ്യാം

കുഞ്ഞായി | kunjai said...

നിരക്ഷരന്‍:ഹഹഹ..പഹയാ..നീ പ്രതീക്ഷിച്ചല്ലേ...
ആ പഴയ മലബാരീ‍ കൂട്ട്കെട്ടൊക്കെ ശെരിക്കും മിസ് ചെയ്യുന്നുണ്ട് കെട്ടോ.കമന്റിന് നന്ദി

കുഞ്ഞായി | kunjai said...

kalesh kumar:thanx for the wishes,n thanx for reading

Tolerance:Thanx for ur prayers,thanx for coming here...Will be posting the next part soon

Manju manoj:ഇതുവഴി വന്നറ്റിനും കമന്റിനും നന്ദി,അടുത്ത ഭാഗം ഉടന്‍ എഴുതാം

എഴുത്തുകാരി:അടുത്ത ഭാഗം ഉടന്‍ എഴുതാം ചേച്ചീ,ഇതുവഴി വന്നതിനും,കമന്റിനും നന്ദി

Mydreams:ഉടന്‍ തന്നെ പ്രതീക്ഷിക്കാം അടുത്ത ഭാഗം,കമന്റിന് നന്ദി

ഫെനില്‍:ഉടന്‍ തന്നെ പ്രതീക്ഷിക്കാം അടുത്ത ഭാഗം,കമന്റിന് നന്ദി

ഒരു യാത്രികന്‍:അടുത്ത ഭാഗം ഉടന്‍ എഴുതാം,കമന്റിന് നന്ദി

manickethaar:God bless u 2...thanx man

ശ്രീ said...

വീരഗാഥയുടെ അടുത്ത ഭാഗം പോരട്ടേ

കുഞ്ഞായി | kunjai said...

ശ്രീ:നന്ദി,അടുത്ത ഭാഗം ഉടന്‍ പോസ്റ്റാം

അനില്‍ഫില്‍ (തോമാ) said...

താങ്കളുടെ ജീവന്‍ തിരിച്ചുതന്ന സര്‍വ്വശക്തനു സ്തുതി. ഞങ്ങളുടെ ബംഗാസിയിലുള്ള ദിസ്റ്റ്രിബ്യൂട്ടറെ വിളിച്ചിട്ട് കിട്ടുന്നില്ല ഒരുവിവരവും ഇല്ല ഇതു വായിച്ച ശേഷം ഒരു ഭയം അവരെ കൊള്ളക്കാര്‍ ആക്രമിച്ച്ട്ടുണ്ടാവുമോ എന്ന്.

കുഞ്ഞായി | kunjai said...

അനില്‍ഫില്‍(തോമാ):ബംഗാസിയിലേക്കെന്നല്ല ലിബിയയിലേക്ക് എവിടേക്കും തന്നെ ഫോണ്‍ പോകുന്നില്ല.ലിബിയയില്‍ നിന്നും വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഗദ്ദാഫി ചെയ്ത ബുദ്ദിയാണിത്.പുലര്‍ച്ചെ ഒന്ന് വിളിച്ച് നോക്കൂ ചിലപ്പോള്‍ കിട്ടാന്‍ സാധ്യതയുണ്ട്.
ഇതുവഴി വന്നതിനും കമന്റിനും നന്ദി