Jul 30, 2009

മാരിബ് എന്ന മരുഭൂമിയിലേക്ക്

[യെമനിന്റെ പൌരാണികതയിലൂ‍ടെ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.യെമനിന്റെ പൌരാണികതയിലൂടെ എന്ന പോസ്റ്റ് ഇവിടെ വായിക്കാം]
-----------------------------------------------------
അടുത്ത ദിവസം കാലത്ത് 8 മണിക്ക് തന്നെ ഞാന്‍ ഒരുങ്ങി നിന്നു.അബൂത്താലിബ് എന്ന ടാക്സി ഡ്രൈവര്‍ നേരത്തെ തന്നെ എത്തിയിരുന്നു. കൂടെ വരാനുള്ള മെഹര്‍ കാമല്‍ എന്ന ഈജിപ്തുകാരന്‍ എത്താന്‍ വൈകിയത് കാരണം ഞങ്ങള്‍ക്ക് 09 മണിക്കേ മാരിബിലെ ജെന്നാ ഹണ്ട് എന്ന ഫീല്‍ഡിലേക്കുള്ള യാത്ര തുടങ്ങാന്‍ കഴിഞ്ഞുള്ളൂ.





പോകുന്ന വഴിയില്‍ കണ്ട ഇവരുടെ മിനി വേന്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചു.ഇവിടെ ,നമ്മുടെ നാട്ടിലെപ്പോലെ ബസ് സര്‍വീസൊന്നുമില്ല.എല്ലാവരും ചിലവ് കുറഞ്ഞ യാത്രക്ക് ആശ്രയിക്കുന്നത് നമ്മുടെ മാരുതി ഓംനിയേക്കാളും വലുപ്പമുള്ള വേനുകളെയാണ്.

പോകുന്ന വഴിയില്‍ നിന്നും ആദില്‍ എന്നൊരു യെമനിയും വണ്ടിയില്‍ സ്ഥാനം പിടിച്ചു,മെഹറിന്റെ കൂടെ സാഫര്‍ എന്ന ഫീല്‍ഡില്‍ (ജെന്നാ ഹണ്ടില്‍ നിന്നും 40 കിലോമീറ്റര്‍ ദൂരത്തുള്ള വേറൊരു ഫീല്‍ഡാണിത്) ജോലി ചെയ്യുന്ന ആളാണ് ആദില്‍.


റോഡുകള്‍ പൊതുവെ നമ്മുടെ നാട്ടിലെ റോഡിനേക്കാളും മെച്ചപ്പെട്ടതായിരുന്നു.


സനായില്‍ മിക്ക പെട്രോള്‍ പമ്പുകളിലും പെട്രോളില്ലാത്തത് ഞങ്ങളുടെ യാത്രയെ ബാധിക്കാതിരുന്നില്ല.പോകുന്ന വഴിയില്‍ കാണുന്ന പെട്രോള്‍ പമ്പുകള്‍ മൂന്നോ നാലോ കഴിഞ്ഞപ്പോളാണ് പെട്രോള്‍ ലഭ്യമായ ഒരു പെട്രോള്‍ പമ്പ് കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്.ഹഷ്മുല്‍ ബക്കറ എന്ന സ്ഥലത്ത് വണ്ടി പെട്രോള്‍ അടിക്കാന്‍ നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ അടുത്ത കടയില്‍ കയറി ലൈ ജൂസ് കുടിച്ചു.ഹഷ്മുല്‍ ബക്കറ എന്ന് വെച്ചാല്‍ പശുവിന്റെ മൂക്കെന്നാണ് അറബിയില്‍ അര്‍ത്ഥം.




പോകുന്ന വഴിയുടെ ഓരം ചേര്‍ന്ന് നില്‍ക്കുന്ന കൃഷി സ്ഥലങ്ങള്‍ കണ്ണിന് കുളിര്‍മ്മ നല്‍കുന്ന കാഴ്ചയായിരുന്നു.മിക്കവാറും എല്ലാ തരം പഴ വര്‍ഗ്ഗങ്ങളും അവര്‍ കൃഷി ചെയ്തിരുന്നു.മുന്തിരി,ആപ്പിള്‍(മുന്തിരിയും ആപ്പിളും തണുപ്പുള്ള സനായിലെ തണുപ്പുള്ള കാലാവസ്ഥയിലാണ് കണ്ട് വരുന്നത്) , ഓറഞ്ച്, ചെറുനാരങ്ങ ,ചോളം .....എല്ലാത്തിനേയും പുറകിലാക്കികൊണ്ട് ഞങ്ങളുടെ വണ്ടി മുന്നോട്ട് നീങ്ങി.




റോഡിന് ഇരുവശവുമായി ഉയര്‍ന്ന് നില്‍ക്കുന്ന മലകളില്‍ പലതിലും പഴമയുടെ ബാക്കിപത്രങ്ങള്‍ ഉണ്ടായിരുന്നു.പ്രവാചകന്‍ നൂഹ്(ബൈബിളില്‍ നോഹ) നിര്‍മ്മിച്ച കപ്പലിന്റെ മാതൃകയിലുള്ള മലയും അക്കൂട്ടത്തില്‍ ദൃശ്യമായിരുന്നു.




വയനാടന്‍ ഹെയര്‍ പിന്‍ വളവുകളോട് സാദൃശ്യമുള്ള വളവും കുത്തനെയുള്ള ഇറക്കവും താണ്ടി വണ്ടി നീങ്ങിക്കൊണ്ടിരുന്നു.ഇടക്ക് പട്ടാളക്കാരുടെ ചെക്ക് പോസ്റ്റുകള്‍ കടന്ന് വേണ്ടിയിരുന്നു ഞങ്ങള്‍ക്ക് പോകാന്‍.ഓരോ ചെക്ക് പോസ്റ്റ് എത്തുമ്പോഴും ‘വാഹിദ് മിഷിരി,വാഹിദ് ഹിന്ദി’(ഒരു ഈജിപ്തുകാരനും ഒരു ഇന്ത്യക്കാരനും) എന്ന് പറയുകയും കമ്പനിയുടെ ലെറ്റര്‍ ഹെഡ്ഡിലുള്ള ‘ജേണീ പ്ലാനിന്റെ’ ഒരു കോപ്പി പട്ടാളക്കാര്‍ക്ക് കൊടുക്കുന്നുമുണ്ടായിരുന്നു.ഈജിപ്തുകാരെപ്പോലെ ഇന്ത്യക്കാര്‍ക്കും ഇവിടെ നല്ല സ്വീകരണമാണ്.ഇന്ത്യക്ക് പുറത്ത് ഇന്ത്യക്കാരെ ഇത്രയധികം ബഹുമാനിക്കുന്ന ഒരു സ്ഥലവും ഞാന്‍ കണ്ടിട്ടില്ല. അത് പോലെതന്നെ യൂറോപീയന്‍സിനും,അമേരിക്കന്‍സിനും ഇത്രയേറെ പേടിക്കേണ്ട സ്ഥലവും വേറെ കാണില്ല്ല.വെള്ളക്കാരെ തട്ടിക്കൊണ്ട് പോകലും വെടിവെച്ച് കൊല്ലലും ഇവിടെ ഇന്നൊരു വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു.

ഇന്ത്യയിലെ ഹൈധ്രാബാദില്‍ നിന്നും മറ്റും കല്യാണം കഴിച്ച് ജീവിക്കുന്ന യെമനികള്‍ നിരവധിയാണ്.ഒരു പക്ഷേ അത് കൊണ്ടായിരിക്കണം അവര്‍ക്ക് ഇന്ത്യാക്കാരെ ഇത്ര ബഹുമാനം.
മലയിറങ്ങി കഴിഞ്ഞതോടെ ചൂട് കൂടി തുടങ്ങിയിരുന്നു.സനായിലെ തണുത്ത കാലാവസ്ഥയില്‍ നിന്നും വ്യത്യസ്തമായി മാരിബില്‍ ചൂട് കൂടുതലാണ്,പ്രത്യേകിച്ച് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍.



ഡ്രൈവര്‍ക്കും കൂടെയുള്ള രണ്ട് യെമനികള്‍ക്കും ഗാത്ത് വാങ്ങിക്കാന്‍ വേണ്ടി അടുത്ത ടൌണില്‍ വണ്ടി നിര്‍ത്തി.കാണാന്‍ മൈലാഞ്ചി ഇല പോലെയുള്ള ഗാത്ത് എന്ന ഇല മിക്കവാറും എല്ലാ യെമനികളും ഉപയോഗിക്കുന്ന ഒരു ലെഹരി വസ്തുവാണ്.ഇല ചവച്ചതിന് ശേഷം ചണ്ടിതുപ്പാതെ വായ്ക്കകത്ത് തന്നെ വെച്ചിരിക്കും.മുഖത്തിന്റെ ഒരു ഭാഗം മുണ്ടിനീര് വന്നപോലെ വീര്‍ത്തിരിക്കുന്നത് ഇവിടെ ഒരു പതിവ് കാഴ്ച തന്നെ.




പിന്നെ കുറെ ദൂരം പിന്നിട്ട ശേഷം ഒര് ഒറ്റപ്പെട്ട സ്ഥലത്ത് വെള്ളം കുടിക്കാനാണ് വണ്ടി നിര്‍ത്തിയത്.മുകളിലെ ചിത്രത്തില്‍ കാണുന്നതാണ് ഡ്രൈവര്‍ അബൂത്താലിബ് .



റോഡില്‍ നിന്നും പത്ത് മീറ്റര്‍ ദൂരം മാറി,രണ്ട് മീറ്റര്‍ പോലും താഴ്ച്ചയില്ലാത്ത കിണര്‍ എന്നെ തെല്ലൊന്നല്‍ഭുതപ്പെടുത്താതിരുന്നില്ല.




ഡ്രൈവറും കൂടെ വന്നവരും മിനറല്‍ വാട്ടറിന്റെ കുപ്പികളിലൊക്കെ പരിശുദ്ധമായ ആ വെള്ളം നിറച്ചു.
ഞാനും ഇറങ്ങി ചെന്ന് കയ്യും മുഖവുമൊക്കെ ആ വെള്ളത്തിലൊന്ന് കഴുകി ,യാത്രക്കൊരുണര്‍വ് വരുത്തി.
ജോലി സംബന്ധമായ യാത്രയായത് കൊണ്ട് , വെറുതേ റിസ്കെടുക്കേണ്ടെന്ന് കരുതി ഞാനാ കിണറ്റിലെ വെള്ളം രുചിച്ച് നോക്കാന്‍ മുതിര്‍ന്നില്ല.



പരന്ന് കിടക്കുന്ന മരുഭൂമിയും,അങ്ങിങ്ങായി കാണുന്ന മരുപ്പച്ചയും കേമറയില്‍ പകര്‍ത്തി കുറച്ച് നേരം അവിടെ ചിലവിട്ടു.



കൂടെ യാത്രചെയ്യുന്ന ആദിലും മെഹറും,പിന്നെ നടുക്ക് കാണുന്നതാണ് ഡ്രൈവറുടെ സഹായി(അദ്ദേഹം പട്ടാളത്തിലെ ഒരുയര്‍ന്ന പധവിയിലിരിക്കുന്ന ആളാണെന്നത് ഞാന്‍ പിന്നീടാണ് അറിഞ്ഞത്).
മാരിബെത്തുന്നതിന് മുന്‍പ് കണ്ട ഒരു ഹോട്ടലില്‍ക്കയറി ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു.നമ്മുടെ നാട്ടിലെപ്പോലെ ചോറും കറിയുമൊന്നും കിട്ടില്ലെങ്കിലും,ഇവരുടെ ഭക്ഷണം ഞാന്‍ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു.‘മണ്ടി‘ എന്ന ഒരു തരം ബിരിയാണിയും കഴിച്ച് ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.




280 കിലോമീറ്റര്‍ നീണ്ടയാത്ര ഞങ്ങളെ സാഫര്‍ എന്ന ഫീല്‍ഡിലെത്തിച്ചു.മെഹറും ആദിലും ജോലി ചെയ്യുന്ന സ്ഥലമാണ് സാഫര്‍.ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് വീണ്ടും 40 കിലോകീറ്റര്‍ പോകേണ്ടിയിരുന്നു.




ജെന്നാ ഹണ്ടില്‍ നിന്നും ഞങ്ങളുടെ കമ്പനി വക പിക് അപ് എനിക്ക് വേണ്ടി അവിടെ കാത്ത് നില്‍പ്പുണ്ടായിരുന്നു.അത്രയും ദൂരം കൂടെയുണ്ടായിരുന്ന എല്ല്ലാവരോടും യാത്രപറഞ്ഞ് ഞാന്‍ ജെന്നാ ഹണ്ടിലേക്കുള്ള യാത്ര തുടങ്ങി.സാഫറില്‍ നിന്നും ജെന്നാ ഹണ്ടിലേക്കുള്ള 40 കിലോമീറ്റര്‍ ദൂരം താറില്ലാത്ത,വെറും മരുഭൂമിയിലൂടെയായിരുന്നു.

പക്ഷേ,മരുഭൂമിയായത് കൊണ്ട് സ്പീഡിന് വലിയ കുറവൊന്നുമുണ്ടായിരുന്നില്ല.സ്പീഡോ മീറ്റര്‍ കൂടുതല്‍ സമയവും 120 ല്‍ തന്നെയായിരുന്നു. ഡെസേര്‍ട്ട് സഫാരിയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന മരുഭൂമിയിലൂടെ ഉള്ള യാത്ര ആനന്ദിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാനപ്പോള്‍.45 ഡിഗ്രി ചൂടില്‍,രാവിലെ മുതലുള്ള യാത്ര എന്നെ ശെരിക്കും തളര്‍ത്തിയിരുന്നു.




വൈകുന്നേരം നാല് മണിക്കാണ് ഞാന്‍ ജെന്നാ ഹണ്ട് എന്ന ഓയില്‍ കമ്പനിയുടെ ഹലീവാ കേമ്പിലെത്തിയത്.ഗെയ്റ്റിലുള്ള പട്ടാളക്കാരന്‍ ബേഗ് പരിശോധിച്ചശേഷം അകത്തേക്ക് കടത്തി വിട്ടു.

വെള്ളപൂശിയ ഈ കേരവനുകളിലൊന്നിലാണ് എനിക്ക് അടുത്ത ഒരു മാസക്കാലം തള്ളിനീക്കാന്‍.




കൂട്ടിന് നോക്കെത്താ ദൂരം കാണുന്ന മണല്‍ മലകളും , പിന്നെ വളരെ കുറച്ച് നാളത്തെ പരിജയം മാത്രമുള്ള ഏതാനും യെമനികളും.




പക്ഷേ ഇവിടുത്തെ ഓരോ ജോലിക്കാരന്റേയും പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പ് വരുത്തിക്കൊണ്ട് പട്ടാളക്കാര്‍ കേമ്പിന് ചുറ്റും കാവല്‍ നില്‍ക്കുന്നു.പട്ടാളക്കാരുടെ വാച്ച് ടവറും ,വലിയ ഒരു AK 47 തോക്കും പിന്നെ പട്ടാളക്കാര്‍ക്ക് താമസിക്കാനുള്ള ചെറിയ ഒരു വീടുമാണ് മുകളിലത്തെ ചിത്രത്തില്‍(ചിത്രം വലുതാക്കി കാണാം).

തുടരും

Jul 19, 2009

യെമനിന്റെ പൌരാണികതയിലൂടെ

യെമനിലേക്കാണ് അടുത്ത യാത്ര എന്നറിഞ്ഞപ്പോള്‍ ഞാന്‍ വളരെയധികം സന്തോഷിച്ചു.പല വട്ടം യെമനില്‍ ജോലി സംബന്ധമാ‍യി പോയെങ്കിലും സമയക്കുറവ് മൂലം കൂടുതല്‍ സ്ഥലങ്ങളും കാണാന്‍ പറ്റിയിരുന്നില്ല.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നിര്‍മ്മിക്കപ്പെട്ടതും ,ഇന്നും കാര്യമായ കേട്പാടൊന്നും കൂടാതെ സംരക്ഷിച്ചുപോരുകയും ചെയ്യുന്ന
പുരാതന സനാ നഗരവും ,ബൈബിളിലും ഖുര്‍‌ആനിലും ചരിത്രമെഴുതപ്പെട്ട ബില്‍ക്കീസ് രാഞ്ജിയുടെ സിംഹാസനം -ഇവ ജോലിക്കിടയില്‍ വീണ് കിട്ടുന്ന സമയങ്ങളില്‍ കാണണമെന്ന തീരുമാനവുമായി ഉച്ചതിരിഞ്ഞ് ഞാന്‍ ഗെള്‍ഫ് എയറിന്റെ വിമാനത്തില്‍ സനായില്‍ ഇറങ്ങി.

എന്നെ സ്വീകരിക്കാന്‍ കമ്പനിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറും കമ്പനിയുടെ ഡ്രൈവറുമായ അബ്ദുള്‍ ഖയ്യൂമും,കൂടെ അദ്ദേഹത്തിന്നൊരു കൂട്ടിനെന്നോണം കമ്പനിയുടെ അവിടുത്തെ മാര്‍ക്കറ്റിങ്ങ് മാനേജരായ കൊല്ലക്കാരന്‍ വിനോദും ഉണ്ടായിരുന്നു,വിനോദിനെ ഞാന്‍ ആദ്യമായി പരിജയപ്പെടുന്നതും അവിടെ വെച്ച് തന്നെ.

20 മിനിറ്റുനേരത്തെ ഡ്രൈവിങ്ങ് ഞങ്ങളെ കമ്പനിയുടെ മുജാഹിദ് സ്ട്രീറ്റിലുള്ള ഗസ്റ്റ് ഹൌസിലെത്തിച്ചു.



എന്നും അടഞ്ഞുകിടക്കുന്ന ആ കൂറ്റന്‍ ഗെയ്റ്റ് കടന്ന് ഞങ്ങള്‍ അകത്ത് കടന്നു.സുരക്ഷാ ഭീഷണിയുള്ള സ്ഥലമായത് കൊണ്ടാണ് ഗെയ്റ്റ് എപ്പോഴും അടഞ്ഞ് കിടക്കുന്നത്.സൂഷ്മ പരിശോധനക്ക് ശേഷമേ ഗെയ്റ്റിലെ കാവല്‍ക്കാരന്‍ ഗെയ്റ്റ് തുറക്കുകയുള്ളൂ. ഇവിടെ ,നോര്‍ത്ത് യെമനും സൌത്ത് യെമനും തമ്മില്‍ ചേരിതിരിഞ്ഞുള്ള യുദ്ധം അവസാനിച്ചെങ്കിലും ഇന്നും ഭീതിയോടെയാണ് ഓരോ സനാ വാസികളും ഉറങ്ങുന്നതും ,ഉണരുന്നതും.അരയില്‍ എപ്പോയും കാണുന്ന വലിയ കത്തി ഏതൊരു യെമനിയുടേയും ഉള്ളിലെ പേടി വെളിപ്പെടുത്തുന്നതായി എനിക്ക് തോന്നി.സനായില്‍ ഇപ്പോള്‍ AK 47 പോലുള്ള തോക്കുകള്‍ ജനങ്ങള്‍ കൊണ്ട് നടക്കുന്നത് നിരോധിച്ചെങ്കിലും സിറ്റി ഒഴിച്ചുള്ള മറ്റ് സ്ഥലങ്ങളില്‍ ജനങ്ങള്‍ തോക്ക് കൊണ്ട് നടക്കുന്നത് ഇപ്പോഴും പതിവ് കാഴ്ച്ച തന്നെ. മിക്കവാറും എല്ലാ വീടുകളും,ഫ്ലാറ്റുകളും ഇതുപോലെ വലിയ കണ്‍‌മതിലുകളാല്‍ സംരക്ഷിക്കപ്പെട്ടതായിരുന്നു.

കുറച്ച് നേരത്തെ വിശ്രമത്തിന്നും നാട്ട് വിശേഷങ്ങള്‍ പങ്കുവെക്കലിനും ശേഷം ഞാനും വിനോദും കൂടെ പുരാതന സനാ നഗരം കാണാന്‍ ഇറങ്ങിപ്പുറപ്പെട്ടു,കാല്‍നടയായി.ഏകദേശം ഒന്നര കി.മി ദൂരമുള്ള പുരാതന സനാ നഗരത്തിലേക്ക് ഇളം കുളിര്‍ക്കാറ്റേറ്റ് നടക്കാന്‍ നല്ല സുഖം തോന്നി.ഇവിടെ കാലാവസ്ഥ പൊതുവെ ഇളം തണുപ്പുള്ളതാണ്.ഡിസംബര്‍-ഫെബ്രുവരി കാലയളവില്‍ പക്ഷേ കൊടും തണുപ്പാണ്.

നകൂം,അയ്‌ബാന്‍ എന്നീ രണ്ട് മലകള്‍ക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു ഹില്‍‌സ്റ്റേഷനാണ് സനാ പട്ടണം.സമുദ്ര നിരപ്പില്‍ നിന്നും 2200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സനാ യെമനിലെ ഏറ്റവും വലിയ നഗരവും,യെമനിന്റെ തലസ്ഥാനവും മാത്രമല്ല,ലോകത്തെ അതിപുരാതന ഇസ്ലാമിക പട്ടണം എന്ന നിലയില്‍ കീര്‍ത്തികേട്ടതുമാണ്.


പുരാതന സനാ നഗരത്തിലേക്കുള്ള യാത്രാ മധ്യേ കണ്ട ഒരു പള്ളി എന്റെ ശ്രെദ്ധ ആകര്‍‌ഷിച്ചു.
വാനോളം ഉയര്‍ന്ന് നില്‍ക്കുന്ന അതിന്റെ മിനാരം കാണാന്‍ മനോഹരമായിരുന്നു.അമ്പതിലേറെ മുസ്ലീം പള്ളികളുണ്ട് സനാ നഗരത്തില്‍.അതില്‍ പ്രവാചകന്‍ മുഹമ്മദിന്റെ കാലത്ത് പണികഴിപ്പിച്ച ഗ്രേറ്റ് മോസ്ക്കും ഉള്‍പ്പെടുന്നു.

ഒരു ഭാഗത്ത് ഉയര്‍ന്ന് നില്‍ക്കുന്ന മലയും അതിന്ന് താഴെ നിരന്ന് നില്‍ക്കുന്ന് വലിയ കെട്ടിടങ്ങളും കണ്ട് കൊണ്ട് ഞങ്ങള്‍ നടത്തം തുടര്‍ന്നു.



യാചകരും,പിടിച്ചുപറിക്കാരും ഇന്നേറെയുള്ള നഗരമാണ് സനാ.വഴിയരികില്‍ യാചകരായ സ്ത്രീകളും ,കുഞ്ഞുങ്ങളും ഒരു പതിവ് കാഴ്ചയായിരുന്നു.
ഏകദേശം 20 മിനിറ്റുകൊണ്ട് ഞങ്ങള്‍ പുരാതന സനാ നഗരത്തില്‍ എത്തിയിരുന്നു.


സനാ നഗരം പല പേരുകളില്‍ അറിയപ്പെട്ടിരുന്നു. ‘ഷെമി’ന്റെ നഗരം എന്ന പേരിലാണ് പണ്ട് കാലത്ത് ഇവിടം അറിയപ്പെട്ടിരുന്നത്.പ്രവാചകന്‍ നൂഹിന്റെ(ബൈബിളില്‍ നോഹ) മകന്‍ ‘ഷെ‌മ്’ ആണ് ഈ പട്ടണം പടുത്തുയര്‍ത്തിയത് എന്ന് ഇവിടുത്ത് കാര്‍ വിശ്വസിച്ച് പോരുന്നു.

അസല്‍ എന്ന പേരിലും ഈ പട്ടണം അറിയപ്പെട്ടിരുന്നു.എന്നിരുന്നാലും ‘സംരക്ഷിക്കപ്പെട്ടത്‘ എന്ന അറബി പദത്തില്‍ നിന്നും ഉരുത്തിരിഞ്ഞ് വന്ന ‘സനാ’ എന്ന പേര് തന്നെയാണ് ഈ സ്ഥലത്തിന്ന് യോജിച്ചതെന്ന് എനിക്ക് തോന്നി.



കാരണം, വലിയ മതിലുകളാല്‍ ചുറ്റപ്പെട്ട രീതിയില്‍ ആയിരുന്നു പുരാതന സനാ നഗരം.അകത്തേക്ക് പ്രവേശിക്കാന്‍ പല ഭാഗത്തായി പണി കഴിപ്പിച്ച എട്ട് വാതിലുകളിലൂടെ മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ.



യെമനിന്റെ വാതില്‍ എന്ന അറബിപ്പദത്തില്‍ നിന്നും ഉരുത്തിരിഞ്ഞ് വന്ന ‘ബാബുല്‍ യെമന്‍’ എന്ന പ്രസിദ്ധമായ പുരാതന സനായുടെ കവാടങ്ങളിലൊന്നാണിത്.ഈ ഗെയ്റ്റിന് 700 വര്‍‌ഷത്തിലേറേ പഴക്കമുണ്ട്.


2500 കൊല്ലങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവിടെ ജനവാസമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.പുരാതന സനാ പട്ടണത്തില്‍ നോക്കെത്താ ദൂരത്തോളം ഒരേമാതൃകയില്‍ പണികഴിപ്പിച്ച ഈ കെട്ടിടങ്ങളത്രയും 400 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്.അത് കൊണ്ട് തന്നെ ,1986 ല്‍ UNESCO ഈ നഗരത്തെ ‘വേള്‍ഡ് ഹെരിറ്റേജ് സിറ്റി’ ആയി പ്രഖ്യാപിച്ച്,സംരക്ഷിക്കപ്പെടേണ്ട നഗരങ്ങളുടെ പട്ടികയില്‍ ചേര്‍ത്തത്.

നൂറ്റാണ്ട് മുന്‍പ് നിര്‍മ്മിച്ച ഓരോ നിര്‍മ്മിതിയും,ശില്‍പ്പ ചാരുതയാല്‍ ശ്രദ്ധേയമായിരുന്നു.



നടന്ന് നടന്ന് ഞാ‍ന്‍ നൂറ്റാണ്ടുകള്‍ക്ക് പുറകോട്ട് പോയതായി എനിക്ക് തോന്നി.എന്റെ മുന്നില്‍ കാണുന്നതെല്ലാം പഴമയുടെ ഗന്ധം പേറുന്നവയായിരുന്നു.പണ്ട് കാലത്തെ ആകാശക്കോട്ടകളായിരുന്നു ഇവയിലോരോന്നും.


ഇന്നും ഇവിടെ ജനങ്ങള്‍ വസിക്കുന്നു,പഴമയുടെ ഓര്‍മ്മകളെ മുറുകെപ്പിടിച്ചുകൊണ്ട്.പുരാതന സനാ നഗരത്തിന്ന് പുറത്ത് പുതിയ കെട്ടിടങ്ങളും ,കച്ചവടങ്ങളും പച്ചപിടിച്ചെങ്കിലും പൌരാണികതയുടെ ഓര്‍മ്മകളുറങ്ങുന്ന ഈ മണ്ണ് ഇന്നും അത് പോലെ സംരക്ഷിച്ച്പോരുന്നു.

യാത്രക്ക് ചുക്കാന്‍ പിടിച്ച വിനോദ്.

പിന്നെ ഞാനും.

ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു.നാളെ രാവിലെ 320 കി.മി ദൂരെയുള്ള മാരിബിലെ ജെന്നാ ഹണ്ട് എന്ന എണ്ണ കമ്പിനിയിലേക്ക് പോകണം.
ബാക്കിയുള്ള സ്ഥലങ്ങള്‍ കാണാന്‍ വീണ്ടും വരാമെന്ന് തീരുമാനിച്ച് ഞങ്ങള്‍ തിരിച്ച് നടന്നു.

തുടരും....