Nov 4, 2009

ലെണ്ടൻ എന്ന സ്വപ്ന നഗരം

കമ്പനി ചെലവിൽ ലെണ്ടനിലൊരു ട്രെയിനിങ്ങിന് പോകാൻ അവസരം കിട്ടിയപ്പൊൾ വീണ്ടുമൊരു വട്ടം കൂടി ആലോചിക്കാതെ സമ്മതം മൂളിയതിന് പിന്നിൽ ഒരുകാലത്ത് ലോകത്തിന്റെ നല്ലൊരു ഭാഗത്തിന്റെ ഭാഗധേയം തീരുമാനിച്ചിരുന്ന ബ്രിട്ടന്റെ തലസ്ഥാന നഗരമായ ലെണ്ടനെ അടുത്തറിയുവാനുള്ള അടങ്ങാത്ത ആവേശം മാത്രമായിരുന്നു.(എന്റെ ബോ‍സ് കേൾക്കണ്ട)

മറ്റുനാടുകളിൽ പോകുന്നത് പോലെ എളുപ്പമുള്ളതായിരുന്നില്ല അവിടുത്തെ വിസ ലഭിക്കുവാൻ.
വിസ ലഭിക്കുവാൻ ആദ്യം തന്നെ നമ്മെ ആരെങ്കിലും അവിടേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി വേണം ബ്രിട്ടീഷ് എംബസിയിൽ പോയി വിസക്ക് അപേക്ഷിക്കാൻ.ഞങ്ങൾ ട്രെയിനിങ്ങിനായി പോകുന്ന സോണ്ടക്സ് എന്ന കമ്പനി ഞങ്ങളെ അവിടേക്ക് ക്ഷണിച്ച് കൊണ്ടുള്ള കത്ത് അയച്ച് തന്നു.അങ്ങിനെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ വിസയും മറ്റ് ഫോർമാലിറ്റികളുമൊക്കെ പൂർത്തിയാക്കി ഞങ്ങൾ (ഞാനും തിരൂർക്കാരൻ ഫൈസലും) യാത്രക്ക് തയ്യാറായി.

ഗെൾഫ് എയറിന്റെ ഫ്ലൈറ്റിൽ അബുദാബി- ബഹ‌റൈൻ ,ബഹറൈൻ - ലെണ്ടൻ എന്നിങ്ങനെ രണ്ട് ഫ്ലൈറ്റിൽ പോകേണ്ടിയിരുന്ന ഞങ്ങളെ അബുദാബിയിൽ നിന്നും ബഹറൈനിലേക്കുള്ള ഫ്ലൈറ്റ് വൈകിയത് കാരണം കണക്ഷൻ ഫ്ലൈറ്റ് കിട്ടാൻ ബുദ്ധിമുട്ടാകുമെന്ന് കണ്ട് ബ്രിട്ടീഷ് എയർവേയ്സിന്റെ നേരിട്ടുള്ള അബുദാബി - ലെണ്ടൻ ഫ്ലൈറ്റിലേക്ക് മാറ്റി തരുകയായിരുന്നു.അവസാന നിമിഷം ഗെൾഫ് എയർ ഫ്ലൈറ്റിൽ നിന്നും മാറി ബ്രിട്ടീഷ് എയർവേയ്സിലേക്ക് ചേക്കേറിയത് ബ്രിട്ടീഷ് എയർവേയ്സിന്റെ സ്റ്റാഫുകൾക്ക് എന്തോ സംശയത്തിന് ഇടം നാൽകി,ഞങ്ങൾ രണ്ട് പേരും മുസ്ലീം നാമധാരികളാണെന്നുള്ളത് അവരുടെ സംശയം അധികരിപ്പിക്കുകയും ചെയ്തിരിക്കാം.ഞങ്ങൾ രണ്ട് പേരുടേയും പാസ്പോർട്ടുകളിൽ ഉള്ള പല രാജ്യങ്ങളുടേയും വിസയെക്കുറിച്ചായിരുന്നു ഞങ്ങൾ അപ്പോ‍ൾ ചിന്തിച്ച് കൊണ്ടിരുന്നത്...കാരണം മറ്റൊന്നുമല്ല ആ രാജ്യങ്ങളിൽ പലതും തീവ്രവാദ പ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധി നേടിയതായിരുന്നു (ജോലി സംബന്ധമായി പോകുന്ന സ്ഥലങ്ങളിൽ യെമൻ ഖസാക്കിസ്ഥാൻ ഇറാൻ ഇറാഖ് എന്നീ സ്ഥലങ്ങളും ഉൾപ്പെട്ടിരുന്നു,ഇതിൽ പല സ്ഥലങ്ങളുടേയും വിസ ഞങ്ങളുടെ പാസ്പോർട്ടുകളിൽ ഉണ്ടായിരുന്നു.).

രണ്ട് മൂന്നാളുകൾ മാറി മാറി പരിശോധിച്ച ശേഷം ഞങ്ങൾക്ക് ഫ്ലൈറ്റിൽ കയറാൻ അനുവാദം തന്നു.
ഏഴ് മണിക്കൂർ നീണ്ട യാത്ര ഞങ്ങളെ ലെണ്ടൻ ഹീത്രൂ എയർ പോർട്ടിലെത്തിച്ചു.

ഹീത്രൂ എയർപോർട്ടിൽ നിന്നും പുറത്ത് ഇറങ്ങിയ ഞങ്ങൾ ,ഞങ്ങളെ കാത്ത് നിൽക്കാമെന്നേറ്റ ടാക്സി ഡ്രൈവറെ അവിടെയൊക്കെ പരിശോധിച്ചെങ്കിലും എങ്ങും കാണാൻ കഴിഞ്ഞില്ല.അവന്റെ നമ്പറിലേക്ക് വിളിക്കാൻ നോക്കിയപ്പോളാണ് മനസ്സിലായത് അവിടെ ഫോൺ ചെയ്യാൻ ഒന്നുകിൽ ക്രെഡിറ്റ് കാർഡ് വേണം അല്ലെങ്കിൽ അവരുടെ നാട്ടിലെ ചില്ലറ പൈസ (പൌണ്ടിലുള്ളത്) വേണം.ഒരു രാജ്യത്തെ ക്രെഡിറ്റ് കാർഡ് മറ്റൊരു രാജ്യത്ത് ഉപയോഗിക്കുന്നത് കൊണ്ടുള്ള സർവീസ് ചാർജിനെ കുറിച്ചൊക്കെ ഓർത്തപ്പോൾ കയ്യിലുള്ള പൌണ്ട് ചില്ലറയാക്കി വിളിക്കുന്നതാകും നല്ലതെന്ന് തോന്നി.

ഒടുക്കം ,ചില്ലറമാറി ഫോൺ വിളിച്ച് നോക്കുമ്പോൾ അങ്ങേത്തലക്കൽ നല്ല കനത്തിലുള്ള മദാമ്മയുടെ ശബ്ദം.ഞാൻ ഫോൺ കട്ട് ചെയ്ത് ഒന്നുകൂടി വിളിച്ച് നോക്കിയെങ്കിലും മദാമ്മയുടെ ശബ്ദത്തിൽ മാറ്റമില്ല.ഭാഗ്യത്തിന് മദാമ്മ വെളുപ്പാൻ കാലത്തെ ഉറക്കം ശല്യപ്പെടുത്തിയതിന് തെറിയൊന്നും വിളിച്ചില്ല. പിന്നീട് അവിടെ അടുത്ത് നിന്ന ഒരാളോട് ചോദിച്ചപ്പോളാണ് അറിയാൻ കഴിഞ്ഞത് ഞങ്ങൾ വിളിക്കുന്ന നമ്പറിന്റെ കൂടെ കോഡ് ചേർക്കണമെന്ന് (ഞങ്ങൾക്ക് കിട്ടിയ നമ്പറിൽ കോഡ് ഉണ്ടായിരുന്നില്ല).ഒടുവിൽ കോഡ് ചേർത്ത് വിളിച്ചപ്പോൾ ഞങ്ങളെ കാത്ത് നിൽക്കുന്ന സായ്പ്പിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞു.അദ്ദേഹം ഞങ്ങളുടെ ഫ്ലൈറ്റ് മാറിയ കഥയൊന്നുമറിയാതെ വേറെ ഒരു ടെർമിനലിൽ(ഗെൾഫ് എയറിന്റെ) ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.അവസാനം ഒരു ബസ് പിടിച്ച് ഞങ്ങൾ ഡ്രൈവർ നിൽക്കുന്ന സ്ഥലത്ത് എത്തിച്ചേർന്നു.

ലെണ്ടനിൽ നേരം പുലരുന്നേ ഉണ്ടായിരുന്നുള്ളൂ.സെപ്റ്റമ്പർ മാസമായത് കൊണ്ട് പറയത്തക്ക തണുപ്പൊന്നും ഉണ്ടായിരുന്നില്ല.ഹീത്രൂ എയർ പോർട്ടിൽ നിന്നും വണ്ടി റെഡിങ്ങിൽ ഞങ്ങൾക്ക് വേണ്ടി ബുക്ക് ചെയ്ത ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങി.



പോകുന്ന വഴിയിൽ എങ്ങും പച്ച പുതച്ച് നിൽക്കുന്ന പ്രകൃതി ദൃശ്യങ്ങളായിരുന്നു.ഓടിട്ടതും തടി മേഞ്ഞതുമായ കുഞ്ഞ് വീടുകൾ എന്റെ മനസ്സിനെ വല്ലാതെ ആകർഷിക്കുന്നവയായിരുന്നു.

കാഴ്ചകളുടെ ലോകത്തിന് വിരാമമിട്ടുകൊണ്ട് വണ്ടി റെഡ്ഡിങ്ങിലെ ഹോട്ടലിൽ എത്തി ചേർന്നു.
ഹോട്ടലിലെ ലോഗ്ബുക്കിൽ പേരും അഡ്രസ്സുമൊക്കെ വരവുവെച്ച ശേഷം റൂം സർവീസ് ജോലി നോക്കുന്ന ഒരു മദാമ്മ ഞങ്ങളുടെ റൂം കാണിച്ച് തന്നു.




ഞങ്ങൾക്ക് മുന്നിൽ നീണ്ട ഒരു ദിവസം വിശ്രമിക്കാനായി ഉണ്ടായിരുന്നു.സോണ്ടക്സ് എന്ന കമ്പനിയിലേക്ക് അടുത്ത ദിവസമാണ് ട്രെയിനിങ്ങിനായി പോകേണ്ടത്.വിശ്രമത്തിന് ശേഷം വൈകീട്ട് ഞങ്ങൾ റെഡ്ഡിങ്ങ് ടൌൺ ലക്ഷ്യമാക്കി നടക്കാൻ തീരുമാനിച്ചു.ഞങ്ങൾ താമസിച്ച ഹോട്ടലിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരമുണ്ടായീരുന്നു റെഡ്ഡിങ്ങിലേക്ക്.




അബുദാബിയിലെ 40 ഡിഗ്രി ചൂടിൽ നിന്നും വന്ന ഞങ്ങൾക്ക് ലെണ്ടനിലെ 15-20 ഡിഗ്രി ചൂട് ശെരിക്കുമൊരു സ്വർഗ്ഗതുല്യമായ കാലാവസ്ഥയായിരുന്നു.അത് കൊണ്ട് തന്നെ പുറത്തിറങ്ങിയുള്ള നടത്തം ഞങ്ങൾ രണ്ട് പേർക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത ആനന്ദം നൽകുന്നതായിരുന്നു.




ലെണ്ടനിൽ നിന്നും 62 കിലോമീറ്റർ മാറിയുള്ള ചെറിയൊരു സിറ്റിയാണ് റെഡ്ഡിങ്ങ്. അത് കൊണ്ട് തന്നെ ആഴ്ചയുടെ അവസാനമൊഴികെയുള്ള ദിവസങ്ങളിൽ എവിടെയും വലിയ ജനത്തിരക്ക് കാണാൻ കഴിഞ്ഞിരുന്നില്ല.ഇംഗ്ലീഷിൽ reading എന്നെഴുതുമെങ്കിലും റെഡ്ഡിങ്ങ് എന്നാണ് ഈ സ്ഥലത്തിന് പറയുന്നത്.


റെഡ്ഡിങ്ങിൽ ഞങ്ങൾ ആദ്യം തന്നെ പോയത് ഫോർബെറി ഗാഡൻ എന്ന പാർക്ക് കാണാൻ വേണ്ടിയായിരുന്നു.ലെണ്ടനിൽ വലുതും ചെറുതുമായ എൺപതോളം പാർക്കുകളുണ്ട്.


മായ്‌വാ‍ന്റ് ലയേൺ(maiwand lion) എന്നൊരു സിംഹത്തിന്റെ പ്രതിമ ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞു.1878 -1880 കാലഘട്ടത്തിൽ അഫ്ഗാൻ യുദ്ധത്തിൽ മരണപ്പെട്ട പട്ടാളക്കാരുടെ ഓർമ്മക്ക് വേണ്ടി നിർമ്മിച്ച സ്മാരകമായിരുന്നു അത്.അന്ന് മരിച്ച പട്ടാളക്കാരോരോത്തരുടേയും പേരുകൾ പ്രതിമക്ക് ചുവടെയായി അടയാളപ്പെടുത്തിയിരുന്നു.



ഫോർബെറി ഗാഡന്റെ പല ഭാഗത്തും പരസ്പരം മനസ്സു പങ്കുവെക്കുന്ന കമിതാക്കളെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു , അതിൽ ഇമ്രാൻ ഹാഷ്മി തോറ്റുപോകുന്ന ചൂടൻ ചുംബന രംഗങ്ങളുമുണ്ടായിരുന്നു. അവിടെ ആരും തന്നെ അവരെ ശല്യപ്പെടുത്തുകയോ തുറിച്ച് നോക്കുകയോ ചെയ്യുന്നില്ല എന്നുള്ളതും വളരെ ശ്രെദ്ധേയമായി തോന്നി.


റെഡ്ഡിങ്ങിന്റെ മറ്റൊരു ഭാഗത്ത്,ജലനീലിമയിൽ കളിച്ച് ഉല്ലസിക്കുന്ന അരയന്നങ്ങൾ നയന മനോഹരമായ കാഴ്ചയായിരുന്നു.

രാത്രി ഏഴുമണി വരെ റെഡ്ഡിങ്ങിൽ കറങ്ങിയശേഷം ഡിന്നറിന് പറ്റിയ ഒരു ഹോട്ടൽ തപ്പിപ്പിടിക്കലായിരുന്നു ഞങ്ങളുടെ അടുത്ത ഉദ്യമം.നമ്മുടെ നാട്ടിലെ ചോറും കറിയുമൊന്നും അവിടെ കിട്ടുകയില്ലെന്ന് മാത്രമല്ല,ഹലാലായ ഭക്ഷണം കിട്ടാനും ബുദ്ധിമുട്ടാണ്.കുറേ നടന്ന ശേഷം ഞങ്ങൾ ഒരു പാക്കിസ്താനിയുടെ ഹോട്ടലിൽ കയറി ഫിഷ് ആന്റ് ചിപ്സ് കഴിച്ചു വിശപ്പടക്കി.

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തലതിരിപ്പൻ നയത്തിനു മുന്നിൽ ഇന്നും തമ്മിലടിക്കുന്ന രണ്ട് രാജ്യങ്ങളെ സൃഷ്ടിച്ച അതേ ബ്രിട്ടീഷുകാരന്റെ നാട്ടിൽ വെച്ച് ഒരു പാക്കിസ്താനിയുടെ ഹോട്ടൽ തന്നെ ശരണം പ്രാപിക്കേണ്ടി വന്നത് ഒരു തമാശപോലെ എനിക്ക് തോന്നി.

തുടരും