Nov 4, 2009

ലെണ്ടൻ എന്ന സ്വപ്ന നഗരം

കമ്പനി ചെലവിൽ ലെണ്ടനിലൊരു ട്രെയിനിങ്ങിന് പോകാൻ അവസരം കിട്ടിയപ്പൊൾ വീണ്ടുമൊരു വട്ടം കൂടി ആലോചിക്കാതെ സമ്മതം മൂളിയതിന് പിന്നിൽ ഒരുകാലത്ത് ലോകത്തിന്റെ നല്ലൊരു ഭാഗത്തിന്റെ ഭാഗധേയം തീരുമാനിച്ചിരുന്ന ബ്രിട്ടന്റെ തലസ്ഥാന നഗരമായ ലെണ്ടനെ അടുത്തറിയുവാനുള്ള അടങ്ങാത്ത ആവേശം മാത്രമായിരുന്നു.(എന്റെ ബോ‍സ് കേൾക്കണ്ട)

മറ്റുനാടുകളിൽ പോകുന്നത് പോലെ എളുപ്പമുള്ളതായിരുന്നില്ല അവിടുത്തെ വിസ ലഭിക്കുവാൻ.
വിസ ലഭിക്കുവാൻ ആദ്യം തന്നെ നമ്മെ ആരെങ്കിലും അവിടേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി വേണം ബ്രിട്ടീഷ് എംബസിയിൽ പോയി വിസക്ക് അപേക്ഷിക്കാൻ.ഞങ്ങൾ ട്രെയിനിങ്ങിനായി പോകുന്ന സോണ്ടക്സ് എന്ന കമ്പനി ഞങ്ങളെ അവിടേക്ക് ക്ഷണിച്ച് കൊണ്ടുള്ള കത്ത് അയച്ച് തന്നു.അങ്ങിനെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ വിസയും മറ്റ് ഫോർമാലിറ്റികളുമൊക്കെ പൂർത്തിയാക്കി ഞങ്ങൾ (ഞാനും തിരൂർക്കാരൻ ഫൈസലും) യാത്രക്ക് തയ്യാറായി.

ഗെൾഫ് എയറിന്റെ ഫ്ലൈറ്റിൽ അബുദാബി- ബഹ‌റൈൻ ,ബഹറൈൻ - ലെണ്ടൻ എന്നിങ്ങനെ രണ്ട് ഫ്ലൈറ്റിൽ പോകേണ്ടിയിരുന്ന ഞങ്ങളെ അബുദാബിയിൽ നിന്നും ബഹറൈനിലേക്കുള്ള ഫ്ലൈറ്റ് വൈകിയത് കാരണം കണക്ഷൻ ഫ്ലൈറ്റ് കിട്ടാൻ ബുദ്ധിമുട്ടാകുമെന്ന് കണ്ട് ബ്രിട്ടീഷ് എയർവേയ്സിന്റെ നേരിട്ടുള്ള അബുദാബി - ലെണ്ടൻ ഫ്ലൈറ്റിലേക്ക് മാറ്റി തരുകയായിരുന്നു.അവസാന നിമിഷം ഗെൾഫ് എയർ ഫ്ലൈറ്റിൽ നിന്നും മാറി ബ്രിട്ടീഷ് എയർവേയ്സിലേക്ക് ചേക്കേറിയത് ബ്രിട്ടീഷ് എയർവേയ്സിന്റെ സ്റ്റാഫുകൾക്ക് എന്തോ സംശയത്തിന് ഇടം നാൽകി,ഞങ്ങൾ രണ്ട് പേരും മുസ്ലീം നാമധാരികളാണെന്നുള്ളത് അവരുടെ സംശയം അധികരിപ്പിക്കുകയും ചെയ്തിരിക്കാം.ഞങ്ങൾ രണ്ട് പേരുടേയും പാസ്പോർട്ടുകളിൽ ഉള്ള പല രാജ്യങ്ങളുടേയും വിസയെക്കുറിച്ചായിരുന്നു ഞങ്ങൾ അപ്പോ‍ൾ ചിന്തിച്ച് കൊണ്ടിരുന്നത്...കാരണം മറ്റൊന്നുമല്ല ആ രാജ്യങ്ങളിൽ പലതും തീവ്രവാദ പ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധി നേടിയതായിരുന്നു (ജോലി സംബന്ധമായി പോകുന്ന സ്ഥലങ്ങളിൽ യെമൻ ഖസാക്കിസ്ഥാൻ ഇറാൻ ഇറാഖ് എന്നീ സ്ഥലങ്ങളും ഉൾപ്പെട്ടിരുന്നു,ഇതിൽ പല സ്ഥലങ്ങളുടേയും വിസ ഞങ്ങളുടെ പാസ്പോർട്ടുകളിൽ ഉണ്ടായിരുന്നു.).

രണ്ട് മൂന്നാളുകൾ മാറി മാറി പരിശോധിച്ച ശേഷം ഞങ്ങൾക്ക് ഫ്ലൈറ്റിൽ കയറാൻ അനുവാദം തന്നു.
ഏഴ് മണിക്കൂർ നീണ്ട യാത്ര ഞങ്ങളെ ലെണ്ടൻ ഹീത്രൂ എയർ പോർട്ടിലെത്തിച്ചു.

ഹീത്രൂ എയർപോർട്ടിൽ നിന്നും പുറത്ത് ഇറങ്ങിയ ഞങ്ങൾ ,ഞങ്ങളെ കാത്ത് നിൽക്കാമെന്നേറ്റ ടാക്സി ഡ്രൈവറെ അവിടെയൊക്കെ പരിശോധിച്ചെങ്കിലും എങ്ങും കാണാൻ കഴിഞ്ഞില്ല.അവന്റെ നമ്പറിലേക്ക് വിളിക്കാൻ നോക്കിയപ്പോളാണ് മനസ്സിലായത് അവിടെ ഫോൺ ചെയ്യാൻ ഒന്നുകിൽ ക്രെഡിറ്റ് കാർഡ് വേണം അല്ലെങ്കിൽ അവരുടെ നാട്ടിലെ ചില്ലറ പൈസ (പൌണ്ടിലുള്ളത്) വേണം.ഒരു രാജ്യത്തെ ക്രെഡിറ്റ് കാർഡ് മറ്റൊരു രാജ്യത്ത് ഉപയോഗിക്കുന്നത് കൊണ്ടുള്ള സർവീസ് ചാർജിനെ കുറിച്ചൊക്കെ ഓർത്തപ്പോൾ കയ്യിലുള്ള പൌണ്ട് ചില്ലറയാക്കി വിളിക്കുന്നതാകും നല്ലതെന്ന് തോന്നി.

ഒടുക്കം ,ചില്ലറമാറി ഫോൺ വിളിച്ച് നോക്കുമ്പോൾ അങ്ങേത്തലക്കൽ നല്ല കനത്തിലുള്ള മദാമ്മയുടെ ശബ്ദം.ഞാൻ ഫോൺ കട്ട് ചെയ്ത് ഒന്നുകൂടി വിളിച്ച് നോക്കിയെങ്കിലും മദാമ്മയുടെ ശബ്ദത്തിൽ മാറ്റമില്ല.ഭാഗ്യത്തിന് മദാമ്മ വെളുപ്പാൻ കാലത്തെ ഉറക്കം ശല്യപ്പെടുത്തിയതിന് തെറിയൊന്നും വിളിച്ചില്ല. പിന്നീട് അവിടെ അടുത്ത് നിന്ന ഒരാളോട് ചോദിച്ചപ്പോളാണ് അറിയാൻ കഴിഞ്ഞത് ഞങ്ങൾ വിളിക്കുന്ന നമ്പറിന്റെ കൂടെ കോഡ് ചേർക്കണമെന്ന് (ഞങ്ങൾക്ക് കിട്ടിയ നമ്പറിൽ കോഡ് ഉണ്ടായിരുന്നില്ല).ഒടുവിൽ കോഡ് ചേർത്ത് വിളിച്ചപ്പോൾ ഞങ്ങളെ കാത്ത് നിൽക്കുന്ന സായ്പ്പിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞു.അദ്ദേഹം ഞങ്ങളുടെ ഫ്ലൈറ്റ് മാറിയ കഥയൊന്നുമറിയാതെ വേറെ ഒരു ടെർമിനലിൽ(ഗെൾഫ് എയറിന്റെ) ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.അവസാനം ഒരു ബസ് പിടിച്ച് ഞങ്ങൾ ഡ്രൈവർ നിൽക്കുന്ന സ്ഥലത്ത് എത്തിച്ചേർന്നു.

ലെണ്ടനിൽ നേരം പുലരുന്നേ ഉണ്ടായിരുന്നുള്ളൂ.സെപ്റ്റമ്പർ മാസമായത് കൊണ്ട് പറയത്തക്ക തണുപ്പൊന്നും ഉണ്ടായിരുന്നില്ല.ഹീത്രൂ എയർ പോർട്ടിൽ നിന്നും വണ്ടി റെഡിങ്ങിൽ ഞങ്ങൾക്ക് വേണ്ടി ബുക്ക് ചെയ്ത ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങി.പോകുന്ന വഴിയിൽ എങ്ങും പച്ച പുതച്ച് നിൽക്കുന്ന പ്രകൃതി ദൃശ്യങ്ങളായിരുന്നു.ഓടിട്ടതും തടി മേഞ്ഞതുമായ കുഞ്ഞ് വീടുകൾ എന്റെ മനസ്സിനെ വല്ലാതെ ആകർഷിക്കുന്നവയായിരുന്നു.

കാഴ്ചകളുടെ ലോകത്തിന് വിരാമമിട്ടുകൊണ്ട് വണ്ടി റെഡ്ഡിങ്ങിലെ ഹോട്ടലിൽ എത്തി ചേർന്നു.
ഹോട്ടലിലെ ലോഗ്ബുക്കിൽ പേരും അഡ്രസ്സുമൊക്കെ വരവുവെച്ച ശേഷം റൂം സർവീസ് ജോലി നോക്കുന്ന ഒരു മദാമ്മ ഞങ്ങളുടെ റൂം കാണിച്ച് തന്നു.
ഞങ്ങൾക്ക് മുന്നിൽ നീണ്ട ഒരു ദിവസം വിശ്രമിക്കാനായി ഉണ്ടായിരുന്നു.സോണ്ടക്സ് എന്ന കമ്പനിയിലേക്ക് അടുത്ത ദിവസമാണ് ട്രെയിനിങ്ങിനായി പോകേണ്ടത്.വിശ്രമത്തിന് ശേഷം വൈകീട്ട് ഞങ്ങൾ റെഡ്ഡിങ്ങ് ടൌൺ ലക്ഷ്യമാക്കി നടക്കാൻ തീരുമാനിച്ചു.ഞങ്ങൾ താമസിച്ച ഹോട്ടലിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരമുണ്ടായീരുന്നു റെഡ്ഡിങ്ങിലേക്ക്.
അബുദാബിയിലെ 40 ഡിഗ്രി ചൂടിൽ നിന്നും വന്ന ഞങ്ങൾക്ക് ലെണ്ടനിലെ 15-20 ഡിഗ്രി ചൂട് ശെരിക്കുമൊരു സ്വർഗ്ഗതുല്യമായ കാലാവസ്ഥയായിരുന്നു.അത് കൊണ്ട് തന്നെ പുറത്തിറങ്ങിയുള്ള നടത്തം ഞങ്ങൾ രണ്ട് പേർക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത ആനന്ദം നൽകുന്നതായിരുന്നു.
ലെണ്ടനിൽ നിന്നും 62 കിലോമീറ്റർ മാറിയുള്ള ചെറിയൊരു സിറ്റിയാണ് റെഡ്ഡിങ്ങ്. അത് കൊണ്ട് തന്നെ ആഴ്ചയുടെ അവസാനമൊഴികെയുള്ള ദിവസങ്ങളിൽ എവിടെയും വലിയ ജനത്തിരക്ക് കാണാൻ കഴിഞ്ഞിരുന്നില്ല.ഇംഗ്ലീഷിൽ reading എന്നെഴുതുമെങ്കിലും റെഡ്ഡിങ്ങ് എന്നാണ് ഈ സ്ഥലത്തിന് പറയുന്നത്.


റെഡ്ഡിങ്ങിൽ ഞങ്ങൾ ആദ്യം തന്നെ പോയത് ഫോർബെറി ഗാഡൻ എന്ന പാർക്ക് കാണാൻ വേണ്ടിയായിരുന്നു.ലെണ്ടനിൽ വലുതും ചെറുതുമായ എൺപതോളം പാർക്കുകളുണ്ട്.


മായ്‌വാ‍ന്റ് ലയേൺ(maiwand lion) എന്നൊരു സിംഹത്തിന്റെ പ്രതിമ ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞു.1878 -1880 കാലഘട്ടത്തിൽ അഫ്ഗാൻ യുദ്ധത്തിൽ മരണപ്പെട്ട പട്ടാളക്കാരുടെ ഓർമ്മക്ക് വേണ്ടി നിർമ്മിച്ച സ്മാരകമായിരുന്നു അത്.അന്ന് മരിച്ച പട്ടാളക്കാരോരോത്തരുടേയും പേരുകൾ പ്രതിമക്ക് ചുവടെയായി അടയാളപ്പെടുത്തിയിരുന്നു.ഫോർബെറി ഗാഡന്റെ പല ഭാഗത്തും പരസ്പരം മനസ്സു പങ്കുവെക്കുന്ന കമിതാക്കളെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു , അതിൽ ഇമ്രാൻ ഹാഷ്മി തോറ്റുപോകുന്ന ചൂടൻ ചുംബന രംഗങ്ങളുമുണ്ടായിരുന്നു. അവിടെ ആരും തന്നെ അവരെ ശല്യപ്പെടുത്തുകയോ തുറിച്ച് നോക്കുകയോ ചെയ്യുന്നില്ല എന്നുള്ളതും വളരെ ശ്രെദ്ധേയമായി തോന്നി.


റെഡ്ഡിങ്ങിന്റെ മറ്റൊരു ഭാഗത്ത്,ജലനീലിമയിൽ കളിച്ച് ഉല്ലസിക്കുന്ന അരയന്നങ്ങൾ നയന മനോഹരമായ കാഴ്ചയായിരുന്നു.

രാത്രി ഏഴുമണി വരെ റെഡ്ഡിങ്ങിൽ കറങ്ങിയശേഷം ഡിന്നറിന് പറ്റിയ ഒരു ഹോട്ടൽ തപ്പിപ്പിടിക്കലായിരുന്നു ഞങ്ങളുടെ അടുത്ത ഉദ്യമം.നമ്മുടെ നാട്ടിലെ ചോറും കറിയുമൊന്നും അവിടെ കിട്ടുകയില്ലെന്ന് മാത്രമല്ല,ഹലാലായ ഭക്ഷണം കിട്ടാനും ബുദ്ധിമുട്ടാണ്.കുറേ നടന്ന ശേഷം ഞങ്ങൾ ഒരു പാക്കിസ്താനിയുടെ ഹോട്ടലിൽ കയറി ഫിഷ് ആന്റ് ചിപ്സ് കഴിച്ചു വിശപ്പടക്കി.

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തലതിരിപ്പൻ നയത്തിനു മുന്നിൽ ഇന്നും തമ്മിലടിക്കുന്ന രണ്ട് രാജ്യങ്ങളെ സൃഷ്ടിച്ച അതേ ബ്രിട്ടീഷുകാരന്റെ നാട്ടിൽ വെച്ച് ഒരു പാക്കിസ്താനിയുടെ ഹോട്ടൽ തന്നെ ശരണം പ്രാപിക്കേണ്ടി വന്നത് ഒരു തമാശപോലെ എനിക്ക് തോന്നി.

തുടരും
Sep 28, 2009

യെമനിലൊരു ക‌അബ വന്നാല്‍?

[ബില്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം തേടി എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണിത്.പഴയത് ഇവിടെ വായിക്കാം]
---------------------------------------------

27 ദിവസത്തെ മാരിബിലെ ജോലി കഴിഞ്ഞ് ഞാന്‍ സനായില്‍ തിരിച്ചെത്തി.

പുരാതന സനാ പട്ടണത്തില്‍ കാണാന്‍ ബാക്കിവെച്ച സ്ഥലങ്ങള്‍ കാണാന്‍ വൈകീട്ട് ഞാനും വിനോദും അബ്ദുള്‍ കയ്യൂമും കൂടെ ഇറങ്ങി തിരിച്ചു.


പോകുന്ന വഴിയില്‍ സനായില്‍ പുതുതായ് പണികഴിപ്പിച്ച സബീന്‍ പള്ളി ഞങ്ങള്‍ കണ്ടു.
ബാബുല്‍ യെമനിലേക്ക് ഞങ്ങള്‍‌ പോകുന്ന സമയത്ത് ഒരു വിവാഹ പാര്‍ട്ടിയേയും കൊണ്ട് ഒരു കാര്‍‌ അതിലെ പോകുന്നുണ്ടായിരുന്നു.

ബാബുല്‍ യെമനെന്ന ഈ പ്രധാന കവാടം കടന്നാല്‍‌ വിവിധ തരം കച്ചവടങ്ങള്‍ക്കു വേണ്ടി വേര്‍തിരിച്ച ഒരു വലിയ മാര്‍ക്കെറ്റ് കാണാമായിരുന്നു.വൈകുന്നേരമായതിനാല്‍‌ അവിടം ജനത്തിരക്കേറിവരുന്നുണ്ടായിരുന്നു.

മാര്‍ക്കറ്റിലെ കച്ചവടക്കാരെയും കടന്ന് ഞങ്ങള്‍ അകത്തേക്ക് പോയി.


എങ്ങും ശാന്തത തളം കെട്ടി നില്‍ക്കുന്ന പുരാതന സനാപട്ടണത്തിലൂടെ ഞങ്ങള്‍‌ നടന്നു....

പോകുന്ന വഴിയില്‍‌ ഒരു പഴയ പള്ളിയും ഞങ്ങള്‍ കണ്ടു.

പോകുന്ന വഴിയില്‍,പൊതു ജനങ്ങളുടെ ദാഹമകറ്റാന്‍ വേണ്ടി നിര്‍മ്മിച്ച ഒരു ജലസംഭരണിയുണ്ടായിരുന്നു...
പോകുന്ന വഴിയിലുള്ള ഒരു പഴയ കെട്ടിടത്തിന്റെ അടുത്തായി നില്‍ക്കുന്ന സെക്യൂരിറ്റിക്കാരനെ കണ്ട് കാര്യം തിരക്കിയപ്പോളാണറിഞ്ഞത് ഞങ്ങള്‍ തിരക്കി നടക്കുന്ന ‘ഗ്രേറ്റ് മോസ്ക്’ അതിന് അകത്താണെന്ന്.

ഞാനും അബ്ദുള്‍‌ ഖയ്യൂമും കൂടെ പള്ളിക്കകത്തേക്ക് പ്രവേശിച്ചു.പള്ളിയില്‍ പ്രാര്‍ത്ഥനാ സമയമായതിനാല്‍ വിനോദ് പുറത്ത് നില്‍ക്കാമെന്നേറ്റു.

1400 ലേറെ കൊല്ലം പഴക്കമുള്ള പള്ളിയായിരുന്നു അത്.നാലു ഭാഗത്ത് നിന്നും നടുമുറ്റത്തേക്ക് വാതിലുകളുള്ള ആ പള്ളിയുടെ നടുത്തളതില്‍ ഞാന്‍‌ കണ്ട കാഴ്ച എന്നെ അല്‍ഭുതപ്പെടുത്തുന്നതായിരുന്നു.
നാലായിരത്തില്‍‌പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവാചകന്‍‌ ഇബ്രാഹീം ദൈവാരാധനക്ക് വേണ്ടി അറേബ്യന്‍ നഗരമായ മക്കയില്‍‌ പണിത ഭവനത്തിന്റെ പേരാണ് ക‌അബ.

അറേബ്യന്‍ ജനത ക‌അബയെ അങ്ങേയറ്റം ആദരിച്ചുപോന്നു.ക‌അബയിലേക്ക് തീര്‍ത്ഥാടനം ചെയ്യല്‍ അറബികളുടെ പതിവായിരുന്നു.

അങ്ങനെയിരിക്കെ ക‌അബയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന മഹത്തായ ഒരു സംഭവമുണ്ടായി.അന്ത്യ പ്രവാചകന്‍ മുഹമ്മദിന്റെ (സ) ജനനത്തിന് നാല്‍പ്പതോ അമ്പതോ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്നതാണ് ഇത്.

യെമനിലെ രാജാവ് അബ്രഹത്ത് ‘ക‌അബ‘യെക്കുറിച്ച് കേള്‍ക്കാനിടയായി. അറബികള്‍ ആ കെട്ടിടത്തിന് അതിരറ്റ് ആദരിക്കുന്നതും അവിടേക്ക് തീര്‍ഥാടനം നടത്തുന്നതും അബ്രഹത്തിന് രസിച്ചില്ല.തന്റെ മന്ത്രിമാരേയും ശില്‍പ്പ വിദഗ്‌ധരേയും വിളിച്ച് കൂട്ടി അദ്ദേഹം അറിയിച്ചു:

ക‌അബയ്ക്ക് പകരം അറബികളുടെ തീര്‍ഥാടന സൌകര്യത്തിനുവേണ്ടി ഞാനൊരു ദേവാലയം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നു.മന്ത്രിമാര്‍ ഉത്തരവ് ശിരസാ വഹിക്കാന്‍ തയ്യാറായെങ്കിലും മുഖ്യ ശില്‍പ്പി അതിനെ എതിര്‍ത്തു സംസാരിച്ചു.

രാജാവ് ഉടനെ മുഖ്യ ശില്‍പ്പിയെ തുറങ്കലില്‍ അടക്കുകയും പകരം ജൂനിയര്‍ ശില്‍പ്പിയെക്കൊണ്ട് അക്കാലത്ത് ലഭിച്ച ഏറ്റവും വിലകൂടിയ സാധനങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ദേവാലയമാണ് മുകളില്‍ കാണുന്നത്.(ചുറ്റിലും കാണുന്ന പള്ളി പിന്നീട് നിര്‍മ്മിച്ചതാണെന്നാണ് പറയപ്പെടുന്നത്.)

പക്ഷേ ദേവാലയം പണികഴിഞ്ഞെങ്കിലും ആരും തന്നെ അവിടേക്ക് സന്ദര്‍ശിക്കാന്‍ തയ്യാറായില്ല.ക‌‌അബ തകര്‍ത്താല്‍ തന്റെ ദേവാലയത്തിലേക്ക് ആളുകള്‍ വരുമെന്ന് കണക്ക് കൂട്ടിയ അബ്രഹത്ത് ക‌അബ തകര്‍ക്കാന്‍ വേണ്ടി ഒരു പറ്റം ആനപ്പടയെയും കൊണ്ട് ഇറങ്ങിത്തിരിച്ചു.അബ്രഹത്തിന്റെ സൈന്യം അക്കാലത്തെ സൈന്യങ്ങളില്‍ പ്രബലമായിരുന്നു.

സൈന്യം മക്കയുടെ സമീപത്തെത്തി.പടയോട്ടത്തിനിടയില്‍ സൈന്യത്തിലെ പട്ടാളക്കാര്‍ മക്കാനിവാസികളുടെ ഒട്ടേറെ കാലികളെ കൊള്ളയടിച്ചു.ഈ കാലികളില്‍ 200 ഒട്ടകങ്ങള്‍ അബ്ദുല്‍ മുത്തലിബിന്റേതായിരുന്നു.പ്രവാചകന്‍ മുഹമ്മദിന്റെ(സ) പിതാമഹനായ അബ്ദുല്‍ മുത്തലിബിന്റെ ഉത്തരവാദിത്തത്തിലായിരുന്നു ക‌അബ പരിപാലിക്കപ്പെട്ടത്.

പള്ളി പൊളിക്കാനായുള്ള അബ്രഹത്തിന്റെ സന്ദേശം ലഭിച്ച അബ്ദുല്‍ മുത്തലിബ് അബ്രഹത്തിന്റെ അടുത്തേക്ക് ചെന്നു.
അബ്ദുല്‍ മുത്തലിബിനെ വിനയപൂര്‍വ്വം ക്ഷണിച്ചിരുത്തിയ അബ്രഹത്ത് അബ്ദുല്‍ മുത്തലിബിനോട് താങ്കളുടെ ആവശ്യമെന്താണെന്ന് ആരാഞ്ഞു.

‘’രാജാവ് പടയോട്ടത്തിന്നിടയില്‍ നഷ്ടപ്പെട്ട 200 ഒട്ടകങ്ങളെ മടക്കിത്തരണം” അബ്രഹത്തില്‍ ആശ്ചര്യമുളവാക്കി കൊണ്ട് അബ്ദുല്‍ മുത്തലിബ് പറഞ്ഞു.

അബ്ദുല്‍ മുത്തലിബിന്റെ മറുപടി കേട്ട് അബ്രഹത്ത് പറഞ്ഞു:താങ്കളെ കണ്ടപ്പോള്‍ എനിക്ക് വളരെ ആദരവ് തോന്നിയിരുന്നു. എന്നാല്‍ സംസാരിച്ച് കഴിഞ്ഞപ്പോള്‍‌ അത് നഷ്ടപ്പെട്ടു.കാരണം ,ഞാന്‍ നിങ്ങളെ സംബന്ധിച്ച് കേട്ടിരുന്നത് ക‌അബയോട് നിങ്ങള്‍ക്ക് വളരെയധികം ആദരവും ജീവനേക്കാളും സ്നേഹവും ഉണ്ടെന്നായിരുന്നു. പക്ഷേ ക‌അബയെ തകര്‍ക്കാന്‍ വന്ന എന്നോട് നിങ്ങള്‍ അക്കാര്യം വിട്ട് 200 ഒട്ടകത്തിന്റെ കാര്യം മാത്രം സംസാരിക്കുന്നു.

അബ്ദുല്‍ മുത്തലിബ് പറഞ്ഞു :അല്ലയോ രാജാവേ,ഈ ഒട്ടകങ്ങളുടെ ഉടമസ്ഥന്‍ ഞാനാണ്.അതിനാല്‍ അവയെ വിട്ടുതരാന്‍ ഞാന്‍ ആവശ്യപ്പെട്ടു.ക‌അബ എന്റേതല്ല ,അതിന്റെ നാഥന്‍ ദൈവമാണ്.തന്റെ ഭവനം അവന്‍ സ്വയം സംരക്ഷിക്കും.അത് നിലനിര്‍ത്തണമെന്നാണ് ദൈവത്തിന്റെ നിശ്ചയമെങ്കില്‍ പിന്നെ അതിനെ നശിപ്പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല.അതവന്‍ സ്വയം സംരക്ഷിക്കും.

എന്നാല്‍ എന്നില്‍ നിന്നും അവനത് സംരക്ഷിക്കാന്‍ കഴിയില്ല...അബ്രഹത്ത് തറപ്പിച്ചു പറഞ്ഞു.

നിങ്ങള്‍ ഉചിതമെന്ന് തോന്നുന്നപോലെ ചെയ്യുക അബ്ദുല്‍ മുത്തലിബ് നിസ്സംഗതാമനോഭാവം കൈക്കൊണ്ടു.

അബ്രഹത്ത് താന്‍ പിടിച്ചെടുത്ത ഒട്ടകങ്ങളെ വിട്ടുകൊടുത്തു.

അബ്രഹത്തിനോട് പടപൊരുതാന്‍ അശക്തരാണെന്ന് മനസ്സിലാക്കിയ അബ്ദുല്‍ മുത്തലിബും സംഘവും ക‌അബയില്‍ എത്തി ക‌അബയുടെ രക്ഷക്ക് വേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു ,എന്നിട്ട് എല്ലാവരും ക‌അബയില്‍ നിന്നും പിരിഞ്ഞ് പോയി.മക്ക ജനശൂന്യമായി.

അടുത്ത ദിവസം പുലര്‍ച്ചെ തന്റെ സൈന്യത്തേയും കൊണ്ട് അബ്രഹത്ത് മുന്നോട്ട് നീങ്ങി.മുന്‍പില്‍ ആനകള്‍,അവക്ക് പുറകില്‍ പട്ടാളം അണിനിരന്നു.ദേശവാസികള്‍ക്ക് തങ്ങളെ ആക്രമിക്കാന്‍ അവസരം ലഭിക്കാതിരിക്കാന്‍ വേണ്ടി സൈന്യം മക്കയെ വലയം ചെയ്യാനായിരുന്നു പദ്ധതി.പക്ഷേ ,സൈന്യത്തിന് മക്കയിലെത്താന്‍ കഴിഞ്ഞില്ല.പെട്ടെന്ന് ആകാശം കറുത്തിരുണ്ടു.എണ്ണാന്‍ കഴിയാത്തത്ര അബാബീല്‍ പക്ഷികളാല്‍ സൂര്യഗോളം മൂടപ്പെട്ടതായിരുന്നു കാരണം.എല്ലാ പറവകളുടേയും ചുണ്ടുകളിലും കാലുകളിലും ഒരുതരം ചെറിയ കല്ലുകള്‍...പെട്ടെന്ന് അവ സൈന്യത്തിന് നേരെ ഈ കല്ലുകള്‍ ഉതിര്‍ക്കാന്‍ തുടങ്ങി.

ദൈവത്തിന്റെ ശിക്ഷ കല്ലുകളുടേ രൂപത്തില്‍ നിപതിച്ചു.അവ നിശ്ശബ്ദമായി പൊട്ടിത്തെറിച്ചു.വിഷലിപ്തമായ ഈ കല്ലുകള്‍ പട്ടാളക്കാരുടെ ശരീരം തുളഞ്ഞ് പുറത്ത് വന്നു.അവരുടെ ശരീരം ചീഞ്ഞഴുകി.ഇതേ അവസ്ഥ തന്നെയായിരുന്നു ആനകളുടേതും.നിമിഷങ്ങള്‍ക്കകം സൈന്യവും ആനകളും തകര്‍ന്നടിഞ്ഞ് കുന്ന് കൂടി.അബ്രഹത്ത് മടങ്ങിയത് വഴിയില്‍ മാംസം കഷണം കഷണമായി പിന്നി വീണുകൊണ്ടാണ്.


പഴയകാല ചരിത്രങ്ങളുടെ മൂക സാക്ഷിയായി ഇന്നും ഇതവിടെ നിലകൊള്ളുന്നു.അവിടെ കണ്ട രണ്ട് കുട്ടികള്‍,കേമറ കണ്ടപ്പോള്‍‌ അവര്‍ക്കും ഒരു പടമെടുക്കണം...

ഒരിക്കലും കണ്ടുമുട്ടുമെന്ന പ്രതീക്ഷ ഇല്ലായിരുന്ന അബ്രഹത്തിന്റെ ക‌അബയുടെ മാതൃക കണ്ട സന്തോഷത്തില്‍ ഞാന്‍ ഗ്രേറ്റ് മോസ്ക്കില്‍ നിന്നും പുറത്തേക്ക് ഇറങ്ങി...
പുറത്ത്,ആദ്യം കണ്ടത് ‘സിവര്‍ മാര്‍കെറ്റ്’ എന്നൊരു ബോര്‍ഡാണ്.അതൊരുപക്ഷേ എഴുത്തില്‍ വന്ന തെറ്റായിരിക്കാം,ഉദ്ദേശിച്ചത് സില്‍‌വര്‍ മാര്‍ക്കെറ്റെന്നായിരിക്കാം,അവിടെ മുഴുവന്‍ വെള്ളിയുമായി ബന്ധപ്പെട്ട കടകളായിരുന്നു.ഇങ്ങനെ ഓരോ ഭാഗത്തായി മരത്തിനും,പലവ്യജ്ഞനങ്ങള്‍ക്കും ഒക്കെ വേറെ വേറെ ഏരിയ തന്നെ ഉണ്ടായിരുന്നു.ഒരു ചക്കിന് ചുറ്റും ജീവിതം കറങ്ങി തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഒട്ടകത്തിന്റെ ചിത്രം എന്റെ കേമറയില്‍ പകര്‍ത്തുമ്പോള്‍ മനസ്സില്‍ ചെറിയൊരു വിശമം തോന്നാതിരുന്നില്ല.ഇവിടെ ഒരു മേനകാഗാന്ധി ഇല്ലാതെ പോയത് ഇവന്മാരുടെ ഒക്കെ ഭാഗ്യം....ഇവിടെ അരിയും ധാന്യങ്ങളും പൊടിക്കാന്‍ കൂടുതലും ഒട്ടകത്തിനെ കെട്ടിയ ചക്കുകള്‍(ആട്ട് യന്ത്രം) തന്നെയാണ് ഉപയോഗിക്കുന്നത്.


മാര്‍കെറ്റില്‍ നിന്നും പുറത്ത് കടക്കുന്നതിന് മുന്‍പായൊരു ‘ആര്‍ട്ട് ഗാലറിയും’ കണ്ടു.അവിടെ തൂക്കിയിട്ടതില്‍ എനിക്കിഷ്ടപ്പെട്ട ഒരു ചിത്രമാണ് മുകളില്‍.

പഴമയുടെ ഗന്ധം തേടി .... അബ്ദുള്‍ കയ്യൂമും വിനോദും ...

----------------------------------------------
യെമന്‍ യാത്ര ഇവിടെ അവസാനിപ്പിക്കുന്നു.
***അബ്രഹത്തിന്റെ ആനപ്പടയെക്കുറിച്ച് ഖുര്‍‌ആനില്‍ ‘അല്‍ ഫീല്‍‘ എന്ന സൂറയില്‍ വിവരിച്ചിട്ടുണ്ട്.കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്കുക

Sep 17, 2009

ബില്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം തേടി

[മാരിബ് ഡാമും തോക്കിന്റെ തെരുവും എന്ന ബ്ലോഗിന്റെ തുടര്‍ച്ചയാണിത്.പഴയത് ഇവിടെ വായിക്കാം]
-----------------------------------------------
ഉച്ച ഭക്ഷണത്തിനുള്ള സമയമായത് കൊണ്ട് ഞങ്ങള്‍ എല്ലാവരും കൂടെ അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി.എന്ത് കഴിക്കണമെന്നുള്ളതിന് എല്ലാവരും കൂടെ ഒരുമിച്ചാണ് ‘(ആടിന്റെ) മന്തി ബിരിയാണിയെന്ന്‘ പറഞ്ഞത്.ഇവരുടെ ഇഷ്ടപ്പെട്ട വിഭവമാണതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇവിടെ ഭക്ഷണം കഴിക്കുന്നതിനും ഒരു പ്രത്യേകതയുണ്ട്,നമ്മുടെ നാട്ടിലെ പോലെ എല്ലാവര്‍ക്കും വെവ്വേറെ പ്ലെയ്റ്റ് എന്നൊരു രീതി ഇവിടെ കാണില്ല,പകരം നാലോ അഞ്ചോ പേരുണ്ടെങ്കിലും ഒരു വലിയ തളിക പോലത്തെ പാത്രത്തില്‍ ഭക്ഷണം കൊണ്ട് വെക്കും എന്നിട്ട് അതിന്റെ നാല് മൂലയില്‍ നിന്നും വാരി തിന്നും.എനിക്ക് വേണമെങ്കില്‍ വേറെ പ്ലെയ്റ്റില്‍ ഓര്‍ഡര്‍ ചെയ്യാമായിരുന്നു,പക്ഷേ ഞാന്‍ അവരോടൊന്നിച്ച് ഒരേ പ്ലെയ്റ്റില്‍ തന്നെ ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു,ചേരയെ തിന്നുന്നവരുടെ നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം എന്നാണല്ലോ...

ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ പോയത് സുലൈമാന്‍ നബിയുടെ പള്ളി കാണാന്‍ വേണ്ടിയായിരുന്നു.


2500 ലേറെ വര്‍ഷം പഴക്കമുള്ള ആ പള്ളിയുടെ മുകള്‍ ഭാഗം ഏറെക്കുറെ നശിക്കപ്പെട്ടിരുന്നു,
എങ്കിലും ഭാക്കിയുള്ള തൂണുകളും ചുറ്റിലുമുള്ള ചുമരുകളും ഇന്നും കേട് കൂടാതെ നില്‍ക്കുന്നത് അക്കാലത്തെ നിര്‍മ്മിതികളുടെ സവിശേഷത തന്നെയാണ്.നല്ല ഉയരം കൂടിയ തൂണുകളില്‍ പടുത്തുയര്‍ത്തിയ പള്ളിയുടെ മുകള്‍ ഭാഗം ചെറിയ മരക്കഷണങ്ങള്‍ അടുക്കിവെച്ചിറ്റാണ് നിര്‍മ്മിച്ചിരുന്നത്.തൂണുകളുടെ മുകളില്‍ അറബിയില്‍ കൊത്തിവെച്ച വചനങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു.പള്ളിയുടെ പിന്‍ഭാഗത്തായി ഒരു വലിയ കിണറുമുണ്ടായിരുന്നു.ഇപ്പോള്‍ വെള്ളമില്ലാത്ത ആ കിണറിന് 100 അടിയിലേറെ ആഴമുണ്ടായിരുന്നു.


ഈ പള്ളിയുടെ തൊട്ട് പുറകിലായിട്ടാണ് പുരാതന മാരിബ് പട്ടണം സ്ഥിതി ചെയ്തിരുന്നത്.പക്ഷേ, പുരാതന സനാ പട്ടണം പോലെ ഇവിടം നിലനിര്‍ത്താന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.

ഭൂരിഭാഗം വീടുകളും തകര്‍ന്നടിഞ്ഞ നിലയിലായിരുന്നു.മിക്കവാറും വീടുകളൊക്കെ മൂന്ന് നിലയില്‍ നിര്‍മ്മിച്ചവയായിരുന്നു,അവയുടെ ഓരോന്നിന്റെയും മുകള്‍ ഭാഗം ചെറിയ മരക്കമ്പുകള്‍ അടുക്കിവെച്ചാണ് ഉണ്ടാക്കിയിരുന്നത്.

പണ്ട് കാലത്തെ ഈ ബഹുനില കെട്ടിടങ്ങള്‍ എത്ര കൊല്ലം മുന്‍പ് നിര്‍മ്മിച്ചതാണെന്നുള്ള കണക്കുകള്‍ ലഭ്യമല്ല.


ഒരേക്കറില്‍ മീതെ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന പുരാതന മാരിബ് പട്ടണത്തില്‍നിന്നും പിന്നെ ഞങ്ങള്‍ പോയത് ബില്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം കാണുന്നതിന് വേണ്ടിയായിരുന്നു.


ഈ സ്ഥലം ഒരു കാലത്ത് ബാരന്‍ എന്ന സൂര്യദേവനെ ആരാധിക്കുന്നവരുടെ അമ്പലമായിരുന്നു.അതുകൊണ്ടാണ് ബാരന്‍ ടെമ്പിള്‍ എന്നൊരു ബോര്‍ഡ് കാണുന്നത്.പിന്നീട് ഇവിടം ബില്‍ക്കീസ് രാജ്ഞിയുടെ സിംഹാസനമാക്കി മാറ്റുകയായിരുന്നു(ഇന്നും അവ്യക്തത നിലനില്‍ക്കുന്ന കാര്യങ്ങളാണവ).

ബില്‍ക്കീസ് രാജ്ഞി ആരായിരുന്നു ,എന്തായിരുന്നു അവരുടെ പ്രത്യേകതകള്‍ എന്നീ കാര്യങ്ങളില്‍ ഇന്നും വ്യക്തമായ മറുപടി ആര്‍ക്കും പറയാന്‍ ഇല്ലെങ്കിലും ഒരു കാര്യം വളരെ വ്യക്തമാണ്,ഒരു പാട് പ്രത്യേകതകളുള്ള ശേബാ രാജ്യത്തെ രാജ്ഞിയായിരുന്നു അവര്‍,അല്ലെങ്കില്‍ ഖുര്‍‌ആനും ബൈബിളുമൊന്നും ഇവര്‍ക്ക് വേണ്ടി സ്ഥലം മിനക്കെടുത്തുമായിരുന്നില്ല.

ബൈബിളില്‍ പറയുന്നത് ഇപ്രകാരമാണ്: കിങ്ങ് സോളമന്റെ സദസ്സിലേക്ക് രാജ്ഞി വന്നത് ശരീരം മുഴുവന്‍ സ്വര്‍ണ്ണവും മറ്റ് വിലപിടിപ്പുള്ള വൈരക്കല്ലുകള്‍ പതിച്ചും അക്കാലത്തെ വിലപിടിച്ച സുഗന്ദ ലേപനങ്ങള്‍ പൂശിയുമായിരുന്നു.ക്രിസ്തുവിന് ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായിട്ട് വിവരിച്ചപ്പോള്‍ , ഖുര്‍‌ആന്‍ പറയുന്നത്:

സുലൈമാന്‍ നബിയുടെ(ബൈബിളിലെ സോളമന്‍) ക്ഷണം സ്വീകരിച്ച് അവരുടെ സദസ്സിലേക്ക് രാജ്ഞി വരുന്നെന്ന് അറിഞ്ഞ സുലൈമാന്‍ നബി തന്റെ കിങ്കരന്മാരുടെ സഹായത്തോടെ അവരുടെ സിംഹാസനം തന്റെ സദസ്സിലെത്തിച്ചെന്നും,എന്നിട്ട് സിംഹാസനത്തിന്റെ മുകളിലെ വൈരക്കല്ലുകള്‍ പതിച്ചിരിക്കുന്ന രീതി ഒന്ന് മാറ്റി വെച്ചപ്പോള്‍ ബില്‍ക്കീസ് രാജ്ഞിക്ക് മുന്നില്‍ സ്വാഗതം അരുളിക്കൊണ്ട് നില്‍ക്കുന്ന സിംഹാസനം അവരുടേത് തന്നെയാണെന്ന് അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ,അതുപോലെ സുലൈമാന്‍ നബിയുടെ കഴിവില്‍ അവര്‍ അല്‍ഭുതം പ്രകടിപ്പിച്ചെന്നും,അവര്‍ ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടെന്നും പറയുന്നു.

പിന്നീട് ഇവര്‍ തമ്മില്‍ പ്രണയത്തിലായെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ,അതല്ല ഇവര്‍ കല്യാണം കഴിച്ചെന്നും അതിലൊരാണ്‍ കുട്ടി ജെനിച്ചെന്നും എത്യോപ്യക്കാര്‍ വിശ്വസിക്കുന്നു.‘മര്‍ഹാല’ എന്ന മരക്കൊത്തിയായിരുന്നുപോലും ഇവര്‍ക്കിടയിലുള്ള കത്തിടപാടുകള്‍ നടത്തിക്കൊടുത്തത്.

ഹമീറീ ഭാഷയില്‍ എന്തോ കൊത്തിവെച്ചിരിക്കുന്നത് മുകളിലെ കല്ലുകളില്‍ കാണാം.

സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ വേണ്ടി നിരത്തിയത് വെണ്ണക്കല്‍ മാര്‍ബിളായിരുന്നു.


മാരിബ് ഡാമില്‍ നിന്നോ മറ്റോ വെള്ളം ഇവിടെ കൊണ്ടെത്തിക്കുന്നതിന് പ്രത്യേകമായി നിര്‍മ്മിച്ച കനാലുകള്‍ ഉണ്ടായിരുന്നു .

കുളിക്കാനും കുടിക്കാനുമൊക്കെ വെള്ളം ശേഖരിച്ചു വെച്ച സ്ഥലങ്ങളാണ് മുകളില്‍ കാണുന്നത്.

ചരിത്ര സ്മാരകത്തിന്റെ ഇന്നത്തെ കാവല്‍ക്കാരന്‍ അലിയാണ് മുകളില്‍.

സെക്യൂരിറ്റി പ്രശ്നങ്ങള്‍ കാരണം വിദേശികള്‍ അധികമൊന്നും ഇവിടെ വരാറില്ല,അതുപോലെ തന്നെ അധികം ആര്‍ക്കിയോളജിക്കല്‍ പഠനങ്ങളും ഇവിടെ നടന്നിട്ടില്ല.

മുന്‍പൊരിക്കല്‍ ഇവിടം കാണാന്‍ വന്ന ഒരു സംഘം സായിപ്പന്മാരുടെ കാറില്‍ ആരോ ബോംബ് വെച്ചു.സിംഹാസനവും പരിസരവുമൊക്കെ കണ്ട് വന്ന് സായിപ്പന്മാര്‍ കാറില്‍ കയറിയതും അന്തരീക്ഷത്തില്‍ ഒരു തീ ഗോളമുയര്‍ന്നതും ഒരുമിച്ചായിരുന്നു...

ബില്‍ക്കീസ് രാജ്ഞിയെക്കുറിച്ച് ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളുമായി ഞങ്ങള്‍ യാത്ര തിരിച്ചു.തിരിച്ച് ജെന്നാ ഹണ്ടിലേക്ക് പോകുന്ന വഴിയില്‍ കണ്ട സൂര്യനെ ആരാധിക്കുന്നവരുടെ മറ്റൊരു അമ്പലത്തിന്റെ ബാക്കിപത്രങ്ങള്‍ -‘അവാം ടെമ്പിള്‍‘ എന്ന അമ്പലമായിരുന്നു അത്.
(തുടരും...)


Aug 16, 2009

മാരിബ് ഡാമും തോക്കിന്റെ തെരുവും

[മാരിബ് എന്ന മരുഭൂമിയിലേക്ക് എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണിത്.പഴയ പോസ്റ്റ് ഇവിടെ വായിക്കാം]
-----------------------------------------------------

ജെന്നാ ഹണ്ടിലെ ഫീല്‍ഡ് ഇന്‍‌‌ചാര്‍ജിന്റെ സമ്മതം വാങ്ങി ഞാനും കൂടെ ജോലി ചെയ്യുന്ന അമീന്‍ അസീസും,മുഹമ്മദും,പിന്നെ സെക്യൂരിറ്റി ഗാര്‍ഡായ താലിബും കൂടി രാവിലെ 8 മണിക്ക് തന്നെ മാരിബ് ഡാം കാണാന്‍ വേണ്ടി ഇറങ്ങി തിരിച്ചു.

ഫീല്‍ഡില്‍ നിന്ന് പുറത്ത് ഏതൊരാവശ്യത്തിന് പോകുകയാണെങ്കിലും കൂടെ AK 47 തോക്കേന്തിയ ഒരു സെക്യൂരിറ്റിക്കാരന്‍ വേണം ,അതാ ഫീല്‍ഡിലെ നിയമമായിരുന്നു.
വിജനമായ മരുഭൂമിയിലൂടെ ഞങ്ങളുടെ പിക് അപ് ഓടിത്തുടങ്ങി.സെക്യൂരിറ്റി ഗാഡായ താലിബ് തന്നെയാണ് ഡ്രൈവ് ചെയ്തിരുന്നത്.വഴിയില്‍ വരി വരിയായി നീങ്ങുന്ന ഒട്ടകക്കൂട്ടത്തെ കണ്ട് ഞങ്ങള്‍ വണ്ടി നിര്‍ത്തി.താലിബ് അപ്പോഴേക്കും ഒട്ടകങ്ങളുടെ അടുത്തെത്തിക്കഴിഞ്ഞിരുന്നു.ഫോട്ടോ എടുത്ത ശേഷം വണ്ടി വീണ്ടും ഓടി തുടങ്ങി,നാല്‍പ്പത് കിലോമീറ്റര്‍ മരുഭൂമിയും പിന്നെ അറുപത് കിലോമീറ്റര്‍ താര്‍ റോഡും പിന്നിട്ട് ഞങ്ങള്‍ മാരിബ് പുതിയ ഡാമിന്റെ അടുത്തെത്തി.ഡാമിലേക്ക് എത്തുന്നതിന്ന് ഒരു കിലോമീറ്റര്‍ മുന്‍പെ ഒരു സെക്യൂരിറ്റി ചെക് പോസ്റ്റുണ്ട്.ചെക് പോസ്റ്റിലെ സെക്യൂരിറ്റിക്കാരന്‍ ഞങ്ങളുടെ പിക് അപ് ഡാം കാണുന്നതിന് വേണ്ടി വിട്ടയക്കാന്‍ തയ്യാറായിരുന്നില്ല. മറ്റു വാഹനങ്ങള്‍ ഞങ്ങളുടെ മുന്‍പേ കടന്ന് പോകുന്നത് കണ്ട താലിബ് ഡാമിലേക്ക് നടന്ന് കേറാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ ,താലിബ് ഒരു നൂര്‍ യെമന്‍ റിയാല്‍(ഇന്ത്യന്‍ രൂപ 25) കയ്യില്‍ വെച്ച് കൊടുത്തപ്പോള്‍ ഓട്ടോമറ്റിക്കായി സെക്യൂരിറ്റിക്കാരന്‍ ഗെയ്റ്റ് തുറന്ന് തന്നു.അപ്പോള്‍ കൈക്കൂലിക്ക് എല്ലാ നാട്ടിലും ഒരേ സ്വഭാവം തന്നെ ഞാന്‍ വെറുതെ ഓര്‍ത്തു...


ഈ ഡാമിന് സെഡ്-മാരിബ് ഡാമെന്നും പേരുണ്ട്.

1986 ല്‍ പണികഴിപ്പിച്ചതാണീ പുതിയ ഡാം.38 മീറ്റര്‍ ഉയരവും 763 മീറ്റര്‍ നീളവും ഉള്ള ഈ ഡാമിന്റെ വലിയൊരാകര്‍ഷണമെനിക്ക് തോന്നിയത് ഡാമിന്റെ ഇരു വശങ്ങളിലും കാണപ്പെട്ടതും ഡാമിലേക്ക് തള്ളി നില്‍ക്കുന്നതുമായ മലകളാണ്.ഡാമിന്റെ മുകളിലൂടെയുള്ള റോഡും,ഡാമിനിരുവശത്തുമായുള്ള മലകളും കേമറയില്‍ പകര്‍ത്തി കുറച്ച് സമയം അവിടെ ചിലവഴിച്ചു.
ഡാമിലെ വെള്ളത്തിലേക്കിറങ്ങാന്‍ നിര്‍മ്മിച്ച സ്റ്റെപ്പുകള്‍ വഴി ഞങ്ങള്‍ വെള്ളത്തിലേക്കിറങ്ങി.വെള്ളത്തിന്റെ മുകളിലായുള്ള കോണ്‍ക്രീറ്റ് സ്ലാബിന്റെ മുകളില്‍ നിന്ന് പടമെടുത്തു.പടമെടുക്കുന്നതിനിടെ താലിബ് അവന്റെ കയ്യിലിരുന്ന AK -47 എന്റെ കയ്യില്‍ വെച്ച് തന്നു.

പിന്നെ ഞങ്ങള്‍ പോയത് ഡാമിന്റെ ഷട്ടറിരിക്കുന്ന ഭാഗത്തേക്കാണ്.ഷട്ടര്‍ വളരെ വീതി കുറഞ്ഞതായിരുന്നു.ഷട്ടറിലെ വെള്ളത്തില്‍ നിന്നും തുള്ളിക്കളിക്കുന്ന മീനുകളെ നോക്കി കുറച്ച് സമയം ചിലവിട്ടു.

പിന്നെ ഞങ്ങള്‍ പോയത് പുതിയ ഡാമില്‍ നിന്നും 3 കിലോമീറ്റര്‍ താഴെയുള്ള,ചരിത്രമുറങ്ങുന്ന, പഴയ മാരിബ് ഡാം കാണാന്‍ വേണ്ടിയായിരുന്നു. 750 ബി.സി ക്കും 700 ബി.സിക്കും ഇടയിലാണ് ഈ ഡാമിന്റെ നിര്‍മ്മാണം ആരഭിച്ചത്.ഏകദേശം നൂറ് വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയായത്.

580 മീറ്റര്‍ നീളവും നാല് മീറ്റര്‍ ഉയരവുമുള്ള ഈ ഡാമിന്റെ ഉയരം പില്‍ക്കാലത്ത് ഏഴ് മീറ്ററായി ഉയര്‍ത്തി.

ഈ ഡാമിന്റെ പതനത്തെക്കുറിച്ച് ചരിത്രത്തില്‍ രേഖപ്പെടുത്തിയത് ഇപ്രകാരമായിരുന്നു:

ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നടന്ന രണ്ട് സംഭവങ്ങളില്‍ ഒന്നാമത്തേത് പ്രവാചകന്‍ മുഹമ്മദിന്റെ ജനനമായിരുന്നു.രണ്ടാമത്തേത് നൂറ്റാണ്ടുകളായി മാരിബ് വാസികള്‍ക്ക് ജലസേചനത്തിന് സഹായിച്ച മാരിബ് ഡാം പൊളിഞ്ഞതായിരുന്നു.

ഒന്നാമത്തെ സംഭവത്തിന് ഇസ്ലാം മതവും അതിന്റെ പില്‍ക്കാലത്തെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് കിടക്കുമ്പോള്‍ രണ്ടാമത്തെ സംഭവം മാരിബിനെ പ്രൌഡിയിലേക്ക് നയിച്ച ‘സബീന്‍ കിങ്ഡം’ത്തിന്റെ അതപതനത്തിലേക്കും ,50,000 ത്തില്‍പ്പരം ജനങ്ങളുടെ പാലായനത്തിലും കലാശിച്ചു.


ഈ ഡാം പൊളിഞ്ഞ സംഭവം ഖുര്‍‌ആനില്‍ വിശദീകരിച്ചിട്ടുള്ളതാകുന്നു.

പണ്ട് കാലത്ത് നിലനിന്നിരുന്ന ‘ഹമീറീ ഭാഷയില്‍’ എഴുതി വെച്ച എന്തോ കുറിപ്പുകള്‍ ഡാമിന്റെ ഒരു ഭാഗത്ത് പാറയില്‍ കൊത്തിവെച്ച രീതിയില്‍ കാണാമായിരുന്നു.

മണ്‍സൂണില്‍ പെയ്യുന്ന മഴ മുഴുവന്‍ ഡാമില്‍ ശേഖരിച്ച് മാരിബിലെ ജനങ്ങള്‍ക്കാവശ്യമുള്ള ജലം എത്തിച്ച് കൊടുത്തിരുന്നു.അതിനായി നിര്‍മ്മിക്കപ്പെട്ട കനാലുകള്‍ ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.

പിന്നെ ഞങ്ങള്‍ പോയത് ഡാമില്‍ നിന്നും കുറച്ച് മാറി സ്ഥിതി ചെയ്യുന്ന ഇതേ ഡാമിന്റെ ഷട്ടര്‍ കാണാന്‍ വേണ്ടിയായിരുന്നു.ഒരുപക്ഷേ ഡാമിന്റെ ഷട്ടറും ഇപ്പോള്‍ നിലവിലുള്ള ഡാമിന്റെ ബാക്കി ഭാഗത്തിന്റേയും ഇടയിലുള്ള ഭാഗം നശിച്ച് പോയതാകാം.


ഷട്ടറിന്റെ അടുത്ത് ഒരു പഴയ കോട്ടപോലെ തോന്നിക്കുന്ന കെട്ടിടം ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു.മൂന്ന് നിലകളുള്ള അതിന്റെ ഓരോ നിലയുടേയും മേല്‍ക്കൂര പണിതിരുക്കുന്നത് മരം ഒരു പ്രത്യേക രീതിയില്‍ അടുക്കി വെച്ചായിരുന്നു.

മാരിബിലെ ജനങ്ങളെ പ്രളയം കൊണ്ട് പരീക്ഷിച്ചതിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന മണ്ണില്‍ നിന്നും ഞങ്ങള്‍ മാരിബ് ടൌണ്‍ ലക്ഷ്യമാക്കി നീങ്ങി.


പോകുന്ന വഴിയില്‍ ഓറഞ്ചും ചോളവും വിളഞ്ഞ് നില്‍ക്കുന്ന കൃഷി സ്ഥലങ്ങള്‍ പിന്നിട്ട് വണ്ടി നീങ്ങിക്കൊണ്ടിരുന്നു.


മാരിബ് ടൌണിലൂടെ നമ്പറില്ലാതെ പോകുന്ന ബൈക്ക് എന്റെ ശ്രെദ്ധ ആകര്‍ഷിച്ചു.

100 റിയാല്‍ കൊടുത്താല്‍ കുളിക്കാന്‍ പറ്റുന്ന ഒരു സ്വിമ്മിങ്ങ് പൂളും ഞങ്ങള്‍ കണ്ടു.


പക്ഷേ അതുവരെ ഞങ്ങള്‍ കണ്ട കാഴ്ചകളെക്കാളെല്ലാം എന്നെ വിസ്മയിപ്പിച്ചതായിരുന്നു മാരിബ് ടൌണില്‍ കണ്ട തോക്കുകളുടെ തെരുവ്.


കളിപ്പാട്ടങ്ങള്‍ കണക്കേ AK -47 പുതിയതും ,പഴയതും നിരത്തിവെച്ച് ഏതെടുത്താലും പത്ത് രൂപ എന്നൊരു മുഖഭാവവുമായി നില്‍ക്കുന്ന കച്ചവടക്കാരന്‍ എന്നെ വിസ്മയിപ്പിച്ചുകളഞ്ഞു.
15,000 ഇന്ത്യന്‍ റുപീസില്‍ തുടങ്ങുന്നു AK-47 തോക്കുകളുടെ വില....

(തുടരും....)

..............................................................................................

നിരക്ഷരന്‍ യെമനില്‍ ആദ്യമായി പോയപ്പോള്‍ AK 47 തോക്കുകളെ പരിചയപ്പെട്ടത് ഇവിടെ വായിക്കാം