Jul 30, 2009

മാരിബ് എന്ന മരുഭൂമിയിലേക്ക്

[യെമനിന്റെ പൌരാണികതയിലൂ‍ടെ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.യെമനിന്റെ പൌരാണികതയിലൂടെ എന്ന പോസ്റ്റ് ഇവിടെ വായിക്കാം]
-----------------------------------------------------
അടുത്ത ദിവസം കാലത്ത് 8 മണിക്ക് തന്നെ ഞാന്‍ ഒരുങ്ങി നിന്നു.അബൂത്താലിബ് എന്ന ടാക്സി ഡ്രൈവര്‍ നേരത്തെ തന്നെ എത്തിയിരുന്നു. കൂടെ വരാനുള്ള മെഹര്‍ കാമല്‍ എന്ന ഈജിപ്തുകാരന്‍ എത്താന്‍ വൈകിയത് കാരണം ഞങ്ങള്‍ക്ക് 09 മണിക്കേ മാരിബിലെ ജെന്നാ ഹണ്ട് എന്ന ഫീല്‍ഡിലേക്കുള്ള യാത്ര തുടങ്ങാന്‍ കഴിഞ്ഞുള്ളൂ.

പോകുന്ന വഴിയില്‍ കണ്ട ഇവരുടെ മിനി വേന്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചു.ഇവിടെ ,നമ്മുടെ നാട്ടിലെപ്പോലെ ബസ് സര്‍വീസൊന്നുമില്ല.എല്ലാവരും ചിലവ് കുറഞ്ഞ യാത്രക്ക് ആശ്രയിക്കുന്നത് നമ്മുടെ മാരുതി ഓംനിയേക്കാളും വലുപ്പമുള്ള വേനുകളെയാണ്.

പോകുന്ന വഴിയില്‍ നിന്നും ആദില്‍ എന്നൊരു യെമനിയും വണ്ടിയില്‍ സ്ഥാനം പിടിച്ചു,മെഹറിന്റെ കൂടെ സാഫര്‍ എന്ന ഫീല്‍ഡില്‍ (ജെന്നാ ഹണ്ടില്‍ നിന്നും 40 കിലോമീറ്റര്‍ ദൂരത്തുള്ള വേറൊരു ഫീല്‍ഡാണിത്) ജോലി ചെയ്യുന്ന ആളാണ് ആദില്‍.


റോഡുകള്‍ പൊതുവെ നമ്മുടെ നാട്ടിലെ റോഡിനേക്കാളും മെച്ചപ്പെട്ടതായിരുന്നു.


സനായില്‍ മിക്ക പെട്രോള്‍ പമ്പുകളിലും പെട്രോളില്ലാത്തത് ഞങ്ങളുടെ യാത്രയെ ബാധിക്കാതിരുന്നില്ല.പോകുന്ന വഴിയില്‍ കാണുന്ന പെട്രോള്‍ പമ്പുകള്‍ മൂന്നോ നാലോ കഴിഞ്ഞപ്പോളാണ് പെട്രോള്‍ ലഭ്യമായ ഒരു പെട്രോള്‍ പമ്പ് കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്.ഹഷ്മുല്‍ ബക്കറ എന്ന സ്ഥലത്ത് വണ്ടി പെട്രോള്‍ അടിക്കാന്‍ നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ അടുത്ത കടയില്‍ കയറി ലൈ ജൂസ് കുടിച്ചു.ഹഷ്മുല്‍ ബക്കറ എന്ന് വെച്ചാല്‍ പശുവിന്റെ മൂക്കെന്നാണ് അറബിയില്‍ അര്‍ത്ഥം.
പോകുന്ന വഴിയുടെ ഓരം ചേര്‍ന്ന് നില്‍ക്കുന്ന കൃഷി സ്ഥലങ്ങള്‍ കണ്ണിന് കുളിര്‍മ്മ നല്‍കുന്ന കാഴ്ചയായിരുന്നു.മിക്കവാറും എല്ലാ തരം പഴ വര്‍ഗ്ഗങ്ങളും അവര്‍ കൃഷി ചെയ്തിരുന്നു.മുന്തിരി,ആപ്പിള്‍(മുന്തിരിയും ആപ്പിളും തണുപ്പുള്ള സനായിലെ തണുപ്പുള്ള കാലാവസ്ഥയിലാണ് കണ്ട് വരുന്നത്) , ഓറഞ്ച്, ചെറുനാരങ്ങ ,ചോളം .....എല്ലാത്തിനേയും പുറകിലാക്കികൊണ്ട് ഞങ്ങളുടെ വണ്ടി മുന്നോട്ട് നീങ്ങി.
റോഡിന് ഇരുവശവുമായി ഉയര്‍ന്ന് നില്‍ക്കുന്ന മലകളില്‍ പലതിലും പഴമയുടെ ബാക്കിപത്രങ്ങള്‍ ഉണ്ടായിരുന്നു.പ്രവാചകന്‍ നൂഹ്(ബൈബിളില്‍ നോഹ) നിര്‍മ്മിച്ച കപ്പലിന്റെ മാതൃകയിലുള്ള മലയും അക്കൂട്ടത്തില്‍ ദൃശ്യമായിരുന്നു.
വയനാടന്‍ ഹെയര്‍ പിന്‍ വളവുകളോട് സാദൃശ്യമുള്ള വളവും കുത്തനെയുള്ള ഇറക്കവും താണ്ടി വണ്ടി നീങ്ങിക്കൊണ്ടിരുന്നു.ഇടക്ക് പട്ടാളക്കാരുടെ ചെക്ക് പോസ്റ്റുകള്‍ കടന്ന് വേണ്ടിയിരുന്നു ഞങ്ങള്‍ക്ക് പോകാന്‍.ഓരോ ചെക്ക് പോസ്റ്റ് എത്തുമ്പോഴും ‘വാഹിദ് മിഷിരി,വാഹിദ് ഹിന്ദി’(ഒരു ഈജിപ്തുകാരനും ഒരു ഇന്ത്യക്കാരനും) എന്ന് പറയുകയും കമ്പനിയുടെ ലെറ്റര്‍ ഹെഡ്ഡിലുള്ള ‘ജേണീ പ്ലാനിന്റെ’ ഒരു കോപ്പി പട്ടാളക്കാര്‍ക്ക് കൊടുക്കുന്നുമുണ്ടായിരുന്നു.ഈജിപ്തുകാരെപ്പോലെ ഇന്ത്യക്കാര്‍ക്കും ഇവിടെ നല്ല സ്വീകരണമാണ്.ഇന്ത്യക്ക് പുറത്ത് ഇന്ത്യക്കാരെ ഇത്രയധികം ബഹുമാനിക്കുന്ന ഒരു സ്ഥലവും ഞാന്‍ കണ്ടിട്ടില്ല. അത് പോലെതന്നെ യൂറോപീയന്‍സിനും,അമേരിക്കന്‍സിനും ഇത്രയേറെ പേടിക്കേണ്ട സ്ഥലവും വേറെ കാണില്ല്ല.വെള്ളക്കാരെ തട്ടിക്കൊണ്ട് പോകലും വെടിവെച്ച് കൊല്ലലും ഇവിടെ ഇന്നൊരു വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു.

ഇന്ത്യയിലെ ഹൈധ്രാബാദില്‍ നിന്നും മറ്റും കല്യാണം കഴിച്ച് ജീവിക്കുന്ന യെമനികള്‍ നിരവധിയാണ്.ഒരു പക്ഷേ അത് കൊണ്ടായിരിക്കണം അവര്‍ക്ക് ഇന്ത്യാക്കാരെ ഇത്ര ബഹുമാനം.
മലയിറങ്ങി കഴിഞ്ഞതോടെ ചൂട് കൂടി തുടങ്ങിയിരുന്നു.സനായിലെ തണുത്ത കാലാവസ്ഥയില്‍ നിന്നും വ്യത്യസ്തമായി മാരിബില്‍ ചൂട് കൂടുതലാണ്,പ്രത്യേകിച്ച് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍.ഡ്രൈവര്‍ക്കും കൂടെയുള്ള രണ്ട് യെമനികള്‍ക്കും ഗാത്ത് വാങ്ങിക്കാന്‍ വേണ്ടി അടുത്ത ടൌണില്‍ വണ്ടി നിര്‍ത്തി.കാണാന്‍ മൈലാഞ്ചി ഇല പോലെയുള്ള ഗാത്ത് എന്ന ഇല മിക്കവാറും എല്ലാ യെമനികളും ഉപയോഗിക്കുന്ന ഒരു ലെഹരി വസ്തുവാണ്.ഇല ചവച്ചതിന് ശേഷം ചണ്ടിതുപ്പാതെ വായ്ക്കകത്ത് തന്നെ വെച്ചിരിക്കും.മുഖത്തിന്റെ ഒരു ഭാഗം മുണ്ടിനീര് വന്നപോലെ വീര്‍ത്തിരിക്കുന്നത് ഇവിടെ ഒരു പതിവ് കാഴ്ച തന്നെ.
പിന്നെ കുറെ ദൂരം പിന്നിട്ട ശേഷം ഒര് ഒറ്റപ്പെട്ട സ്ഥലത്ത് വെള്ളം കുടിക്കാനാണ് വണ്ടി നിര്‍ത്തിയത്.മുകളിലെ ചിത്രത്തില്‍ കാണുന്നതാണ് ഡ്രൈവര്‍ അബൂത്താലിബ് .റോഡില്‍ നിന്നും പത്ത് മീറ്റര്‍ ദൂരം മാറി,രണ്ട് മീറ്റര്‍ പോലും താഴ്ച്ചയില്ലാത്ത കിണര്‍ എന്നെ തെല്ലൊന്നല്‍ഭുതപ്പെടുത്താതിരുന്നില്ല.
ഡ്രൈവറും കൂടെ വന്നവരും മിനറല്‍ വാട്ടറിന്റെ കുപ്പികളിലൊക്കെ പരിശുദ്ധമായ ആ വെള്ളം നിറച്ചു.
ഞാനും ഇറങ്ങി ചെന്ന് കയ്യും മുഖവുമൊക്കെ ആ വെള്ളത്തിലൊന്ന് കഴുകി ,യാത്രക്കൊരുണര്‍വ് വരുത്തി.
ജോലി സംബന്ധമായ യാത്രയായത് കൊണ്ട് , വെറുതേ റിസ്കെടുക്കേണ്ടെന്ന് കരുതി ഞാനാ കിണറ്റിലെ വെള്ളം രുചിച്ച് നോക്കാന്‍ മുതിര്‍ന്നില്ല.പരന്ന് കിടക്കുന്ന മരുഭൂമിയും,അങ്ങിങ്ങായി കാണുന്ന മരുപ്പച്ചയും കേമറയില്‍ പകര്‍ത്തി കുറച്ച് നേരം അവിടെ ചിലവിട്ടു.കൂടെ യാത്രചെയ്യുന്ന ആദിലും മെഹറും,പിന്നെ നടുക്ക് കാണുന്നതാണ് ഡ്രൈവറുടെ സഹായി(അദ്ദേഹം പട്ടാളത്തിലെ ഒരുയര്‍ന്ന പധവിയിലിരിക്കുന്ന ആളാണെന്നത് ഞാന്‍ പിന്നീടാണ് അറിഞ്ഞത്).
മാരിബെത്തുന്നതിന് മുന്‍പ് കണ്ട ഒരു ഹോട്ടലില്‍ക്കയറി ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു.നമ്മുടെ നാട്ടിലെപ്പോലെ ചോറും കറിയുമൊന്നും കിട്ടില്ലെങ്കിലും,ഇവരുടെ ഭക്ഷണം ഞാന്‍ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു.‘മണ്ടി‘ എന്ന ഒരു തരം ബിരിയാണിയും കഴിച്ച് ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.
280 കിലോമീറ്റര്‍ നീണ്ടയാത്ര ഞങ്ങളെ സാഫര്‍ എന്ന ഫീല്‍ഡിലെത്തിച്ചു.മെഹറും ആദിലും ജോലി ചെയ്യുന്ന സ്ഥലമാണ് സാഫര്‍.ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് വീണ്ടും 40 കിലോകീറ്റര്‍ പോകേണ്ടിയിരുന്നു.
ജെന്നാ ഹണ്ടില്‍ നിന്നും ഞങ്ങളുടെ കമ്പനി വക പിക് അപ് എനിക്ക് വേണ്ടി അവിടെ കാത്ത് നില്‍പ്പുണ്ടായിരുന്നു.അത്രയും ദൂരം കൂടെയുണ്ടായിരുന്ന എല്ല്ലാവരോടും യാത്രപറഞ്ഞ് ഞാന്‍ ജെന്നാ ഹണ്ടിലേക്കുള്ള യാത്ര തുടങ്ങി.സാഫറില്‍ നിന്നും ജെന്നാ ഹണ്ടിലേക്കുള്ള 40 കിലോമീറ്റര്‍ ദൂരം താറില്ലാത്ത,വെറും മരുഭൂമിയിലൂടെയായിരുന്നു.

പക്ഷേ,മരുഭൂമിയായത് കൊണ്ട് സ്പീഡിന് വലിയ കുറവൊന്നുമുണ്ടായിരുന്നില്ല.സ്പീഡോ മീറ്റര്‍ കൂടുതല്‍ സമയവും 120 ല്‍ തന്നെയായിരുന്നു. ഡെസേര്‍ട്ട് സഫാരിയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന മരുഭൂമിയിലൂടെ ഉള്ള യാത്ര ആനന്ദിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാനപ്പോള്‍.45 ഡിഗ്രി ചൂടില്‍,രാവിലെ മുതലുള്ള യാത്ര എന്നെ ശെരിക്കും തളര്‍ത്തിയിരുന്നു.
വൈകുന്നേരം നാല് മണിക്കാണ് ഞാന്‍ ജെന്നാ ഹണ്ട് എന്ന ഓയില്‍ കമ്പനിയുടെ ഹലീവാ കേമ്പിലെത്തിയത്.ഗെയ്റ്റിലുള്ള പട്ടാളക്കാരന്‍ ബേഗ് പരിശോധിച്ചശേഷം അകത്തേക്ക് കടത്തി വിട്ടു.

വെള്ളപൂശിയ ഈ കേരവനുകളിലൊന്നിലാണ് എനിക്ക് അടുത്ത ഒരു മാസക്കാലം തള്ളിനീക്കാന്‍.
കൂട്ടിന് നോക്കെത്താ ദൂരം കാണുന്ന മണല്‍ മലകളും , പിന്നെ വളരെ കുറച്ച് നാളത്തെ പരിജയം മാത്രമുള്ള ഏതാനും യെമനികളും.
പക്ഷേ ഇവിടുത്തെ ഓരോ ജോലിക്കാരന്റേയും പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പ് വരുത്തിക്കൊണ്ട് പട്ടാളക്കാര്‍ കേമ്പിന് ചുറ്റും കാവല്‍ നില്‍ക്കുന്നു.പട്ടാളക്കാരുടെ വാച്ച് ടവറും ,വലിയ ഒരു AK 47 തോക്കും പിന്നെ പട്ടാളക്കാര്‍ക്ക് താമസിക്കാനുള്ള ചെറിയ ഒരു വീടുമാണ് മുകളിലത്തെ ചിത്രത്തില്‍(ചിത്രം വലുതാക്കി കാണാം).

തുടരും

28 comments:

Ashly said...

Thanks !!!
But, how do the grow apple etc in that place ? What i heard is, they grow only in cool places.

കുഞ്ഞായി | kunjai said...

CAPTAIN HADDOCK:വിസിറ്റിനും കമന്റിനും നന്ദി.
ഇതിന് മുന്‍പുള്ള പോസ്റ്റില്‍ സനായിലെ തണുപ്പുള്ള കാലാവസ്ഥയെക്കുറിച്ച് പറഞ്ഞിരുന്നു.
മലയിറങ്ങിക്കഴിഞ്ഞാല്‍ ചൂട് കൂടി വരും ,മാരിബിലെവിടെയും ആപ്പിളോ മുന്തിരിയോ കൃഷിചെയ്ത് കണ്ടിട്ടുമില്ല.(സനായിലേയും മാരിബിലെയും കാലാവസ്ഥയിലുള്ള മാറ്റത്തെക്കുറിച്ച് ഞാന്‍ എഴുതി ചേര്‍ത്തിട്ടുണ്ട്)

വിഷ്ണു | Vishnu said...

ഡെസേര്‍ട്ട് സഫാരി ആസ്വദിക്കാന്‍ ഒരു വരവൂടെ വരണ്ടി വരും അല്ലെ ?? ;-)

കുഞ്ഞായി | kunjai said...

വിഷ്ണു:പിന്നീടൊരു ദിവസം ഡെസ്സേര്‍ട്ട് ഡ്രൈവിങ്ങ് ആസ്വദിക്കാന്‍ പോയിരുന്നു.
വരവിനും കമന്റിനും നന്ദി

രഘുനാഥന്‍ said...

നല്ല വിവരണം കുഞ്ഞായി ..ആശംസകള്‍

Typist | എഴുത്തുകാരി said...

നല്ല വിവരണം, ചിത്രങ്ങളും.

siva // ശിവ said...

കുഞ്ഞായീ, ഈ യാത്രാവിവരണവും ചിത്രങ്ങളും എനിക്ക് പ്രിയതരമായി തോന്നുന്നു... നന്ദി...

കുഞ്ഞായി | kunjai said...

രഘുനാഥന്‍,എഴുത്തുകാരി, ശിവ:കമന്റിന് നന്ദി

sojan p r said...

കുഞ്ഞായി ശരിക്കും ഇഷ്ടമായി.യെമനിലെ മലകളും മണല്‍ പാടവും കണ്ടിട്ട് ഓടികയരന്‍ തോന്നുന്നു.ജോലി ചെയ്യുവാനെന്കില്‍ ഇങ്ങനത്തെ ജോലി ചെയ്യണം .ശരിക്കും ഭാഗ്യവാന്‍.നിരക്ഷരന്റെ AK 47 എന്നാ വിവരണത്തില്‍ നിന്നാണ് ആദ്യമായി യെമനെ അറിയുന്നത് .കുഞ്ഞയിക്ക് AK 47 തൊട്ടു നോക്കാന്‍ പറ്റിയോ?
കൂടുതല്‍ യെമന്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു

കുഞ്ഞായി | kunjai said...

സോജന്‍:ശെരിയാണ്,യെമനിലെ മലകള്‍,അത് കല്ലുമലയായാലും മണല്‍ മലയായാലും ആരെയും ആകര്‍ഷിക്കുന്നതാണ്...
AK47ന്‍ തൊട്ടുനോക്കാനൊക്കെ പറ്റി കാരണം ഫീല്‍ഡില്‍ കൂടെ വരുന്ന സെക്യൂരിറ്റി ഗാര്‍ഡിന്റെ കയ്യില്‍ എപ്പോഴും കാണും.
കമന്റിന് നന്ദി

ചെറിയപാലം said...

യെമൻ,സിറിയ...സന്ദർശിക്കണം എന്നാഗ്രഹമുള്ള സ്ഥലങ്ങൾ!

ഈ യാത്രാവിവരണം നന്നായി.

കുഞ്ഞായി | kunjai said...

ചെറിയപാലം:ഇതിലെ വന്നതിനും കമന്റിനും നന്ദി

താരകൻ said...

മരുഭൂമിയുടെ ഗാംഭീര്യമുള്ളപൊസ്റ്റ്

കുഞ്ഞായി | kunjai said...

താരകന്‍:നന്ദി

Unknown said...

മരുഭൂമിയിലെ യാത്ര രസകരം തന്നെ അല്ലെ കുഞ്ഞായി

കുഞ്ഞായി | kunjai said...

അനൂപ് കോതനല്ലൂര്‍:മരുഭൂമിയിലൂടെ എത്ര യാത്ര ചെയ്താലും മതി വരില്ല ,വഴിതെറ്റാതെ സൂക്ഷിക്കണം എന്ന് മാത്രം...
നന്ദി - ഇതുവഴി വന്നതിനും,കമന്റിനും

മുസാഫിര്‍ said...

നല്ല യാത്രാവിവരണം.യമനികളെ പലരേയും പരിചയമുണ്ടെൻകിലും എപ്പോഴും തീവ്രവാദികളുടെ പ്രശ്നമുള്ള സ്ഥലമാണെന്നായിരുന്നു മനസ്സിൽ.പിന്നെ എക്കെ 47 കയ്യിൽ കൊണ്ടഉ നടക്കാവുന്ന ചെറിയ തോക്കല്ലെ ?

Ashly said...

Thank you കുഞ്ഞായി .

I have read the old post too, but didn't linked both:)
thanks for the clarification !
keep writing !

കുഞ്ഞായി | kunjai said...

മുസാഫിര്‍:നന്ദി -ഇതുവഴി വന്നതിനും കമന്റിനും.
പിന്നെ ,യെമനില്‍ പൊതുവെ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് വലിയ പ്രശ്നങ്ങളൊന്നുമില്ല.
AK 47 നെ ക്കുറിച്ച് പറഞ്ഞത്,എനിക്കും ആ സംശയമുണ്ടായിരുന്നു,ഞാന്‍ അറിയാവുന്ന ഒരാളോട് ചോദിച്ചപ്പോള്‍ കിട്ടിയ വിവരം ,AK 47 വലുതും ചെറുതും ഉണ്ടെന്നാണ്.
ഈ വിശയത്തില്‍ കൂടുതല്‍ അറിവുള്ള ആരെങ്കിലും പ്രതികരിക്കുമെന്ന് കരുതുന്നു.

കുഞ്ഞായി | kunjai said...

captain haddock:നിങ്ങളുടെ സംശയം തീര്‍ന്നെന്നറിഞ്ഞതില്‍ സന്തോഷം

ശ്രീ said...

മനോഹരമായ യാത്രാവിവരണം തന്നെ, മാഷേ.

ഇത്തരം സ്ഥലങ്ങളെയെല്ലാം പരിചയപ്പെടാന്‍ സാധിയ്ക്കുന്നത് തന്നെ ഭാഗ്യം...

കുഞ്ഞായി | kunjai said...

ശ്രീ:നന്ദി

Anil cheleri kumaran said...

അപൂർവ്വങ്ങളായ ചിത്രങ്ങൾ.

ഉഗാണ്ട രണ്ടാമന്‍ said...

നല്ല വിവരണം...

കുഞ്ഞായി | kunjai said...

കുമാരന്‍:നന്ദി
ഉഗാണ്ട രണ്ടാമന്‍:സ്വാഗതം സുഹൃത്തേ..വരവിനും കമന്റിനും നന്ദി

മുരളി I Murali Mudra said...

ഒരിക്കല്‍ സന്ദര്‍ശിച്ച സ്ഥലമാണ്...
എന്നാലും ഈ വിവരണത്തിലൂടെ പോയപ്പോള്‍ ആസ്വാദ്യത കൂടുന്നു....
സുന്ദരമായി സുഹൃത്തെ....
ആശംസകള്‍....

കുഞ്ഞായി | kunjai said...

മുരളി നായര്‍:സ്വാഗതം സുഹൃത്തേ...പിന്നെ യെമനില്‍ പോയിട്ടുള്ള ആളെന്ന നിലക്ക് നിങ്ങളുടെ കമന്റിന്‍ മാധുര്യം കൂടുന്നു...നന്ദി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കുഞ്ഞായി, നന്നായി. ചരിത്ര പ്രധാനമായ സ്ഥലങ്ങള്‍ കാണാന്‍ കഴിയുക എന്നത് തന്നെ ഒരു ഭാഗ്യമാണ്. പകഷെ കുഞായിയുടെത് ഇരട്ട ഭാഗ്യം! കാഴ്ചകള്‍ കാണാം, ജോലി സംപന്ധമായതിനാല്‍ 'ഫുലൂസ്‌' ചിലവകേം ഇല്ല.