Dec 27, 2010

ലെണ്ടന്‍ നഗരത്തില്‍

ലെണ്ടനിലെ മാഡം ടുസ്സാഡ് വാക്സ് മ്യൂസിയം ലോക പ്രശസ്തമാണ്.വാക്സ് മ്യൂസിയം സന്ദര്‍ശിക്കുകയായിരുന്നു ഞങ്ങളുടെ അടുത്ത പരിപാടി.

റെഡ്ഡിങ്ങില്‍ നിന്നും രാവിലെ തന്നെ ഞങ്ങള്‍ പുറപ്പെട്ടു.പോകുന്ന വഴി പൊതുവെ വിജനമാ‍യിരുന്നു.കുറച്ച് ചെറുപ്പക്കാര്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ട് ഞങ്ങളെ കടന്ന് പോകുന്നത് കണ്ടു.ഇവിടെ അടുത്തുള്ള ഓഫീസിലേക്കും മറ്റും ആളുകള്‍ സൈക്കിളില്‍ പോകുന്നത് എന്നെ അമ്പരപ്പിക്കാതിരുന്നുല്ല.

ഞങ്ങള്‍ റെഡ്ഡിങ്ങ് റെയില്‍‌വേ സ്റ്റേഷനില്‍ എത്തി ,അവിടെ നിന്നും മാഡം ടുസ്സാഡിലേക്കുള്ള വഴി ‘വിവരങ്ങള്‍ അറിയാനുള്ള കൌണ്ടറില്‍ ‘ ‍ നിന്നും ചോദിച്ചറിഞ്ഞു.അതുപ്രകാരം ഞങ്ങള്‍ ബേക്കര്‍ സ്ട്രീറ്റിലേക്കുള്ള ട്രെയിന്‍ പിടിച്ചു.

ബേക്കര്‍ സ്ട്രീറ്റില്‍ ഷെര്‍ലോക്ക് ഹോംസിന്റെ വലിയ ഒരു പ്രതിമ ഞങ്ങള്‍ കണ്ടു.സര്‍ ആര്‍തര്‍ കോനാന്‍ ഡോയലിന്റെ വിശ്വ വിഖ്യാത നോവലിലെ ഷെര്‍ലോക്ക് ഹോംസ് എന്ന കഥാപാത്രം ജീവിച്ചിരുന്നത് ഇവിടെയായിരുന്നു പോലും.മുന്‍പ് വായനയിലൂടെ മാത്രം പരിചയിച്ച ഷെര്‍ലക്കിന്റെ കൂടെ നിന്നൊരു ചിത്രമെടുക്കാന്‍ ഞാന്‍ മറന്നില്ല.

ബേക്കര്‍ സ്ട്രീറ്റില്‍ നിന്നും നടന്ന് ഞങ്ങള്‍ അടുത്തുള്ള മാഡം ടുസ്സാഡ് മ്യൂസിയത്തിലെത്തി.ടിക്കറ്റെടുത്ത് ഞങ്ങള്‍ അകത്ത് കടന്നു.ലോകത്തിലെ നാനാഭാഗത്തുനിന്നുമുള്ള ലോകപ്രശസ്തരായ കലാകാരന്മാരും സിനിമാനടന്മാരും രാഷ്ട്രീയപ്രവര്‍ത്തകരും ശാസ്ത്രജ്ഞന്മാരും-എല്ലാവരും ഞങ്ങള്‍ക്ക് മുന്‍പില്‍ തെളിഞ്ഞ് വന്നു.അതില്‍ ഇന്ത്യയില്‍ നിന്നും മഹാത്മാഗാന്ധിയും,അമിതാബ് ബച്ചനും,ഐശ്വര്യാ റായിയും ഉള്‍പ്പെട്ടിരുന്നു.

വാക്സില്‍ പ്രതിമകള്‍ നിര്‍മിക്കാന്‍ പേരെടുത്ത മാരീ ടുസ്സാഡിന്റെ കരവിരുതില്‍ ഉടലെടുത്ത വാക്സ് മ്യൂസിയത്തിന് മാഡം ടുസ്സാഡ് മ്യൂസിയമെന്ന പേര്‍ വന്നു.പ്രതിമ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ആളുടെ രൂപവും ഭാവവും ദേഹവടിവും ,എന്തിന് തലയിലെ മുടി വരെ അത് പോലെ നിര്‍മിക്കാന്‍ 800 ലേറെ മണിക്കൂറുകള്‍ ചിലവിട്ടിരുന്നു.

1884 ല്‍ ലെണ്ടനില്‍ സ്ഥാപിച്ച ഈ മ്യൂസിയത്തിന് ഇന്ന് ലോകത്തിലെ ഒന്‍പതോളം പ്രമുഖ പട്ടണങ്ങളില്‍ ബ്രാഞ്ചുകളുണ്ട്.

മാഡം ടുസ്സാഡില്‍ നിന്നും ഞങ്ങള്‍ ഇറങ്ങി നടന്നു.റെയില്‍ വേ സ്റ്റേഷനിലെത്തി ട്രെയിന്‍ പിടിച്ച് ലെണ്ടന്‍ ടവര്‍ ബ്രിഡ്ജ് കാണാന്‍ വേണ്ടി നേരെ ലെണ്ടന്‍ ബ്രിഡ്ജ് സ്റ്റേഷനില്‍ ചെന്നിറങ്ങി.


തെയിംസ് നദിക്ക് കുറുകെ തലയെടുത്ത് നില്‍ക്കുന്ന ലെണ്ടന്‍ ടവര്‍ ബ്രിഡ്ജ് ബ്രിട്ടന്റെ പ്രൌഡിയുടെ പ്രതീകം തന്നെയായിരുന്നു.ബ്രിഡ്ജിന്റെ അകത്ത് കൂടെ നടന്ന് നദിയുടെ മറുകരക്കെത്തിയപ്പോള്‍ പാലത്തില്‍ നിന്നും മാറി നില്‍ക്കാനുള്ള അറിയിപ്പ് മൈക്കിലൂടെ ഉച്ചത്തില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.നദിയിലൂടെ ഒഴുകിവരുന്ന ഒരു യാനപാത്രത്തിന് ബ്രിഡ്ജിന്റെ അടിയിലൂടെ പോകുന്നതിന് വേണ്ടി ബ്രിഡ്ജ് രണ്ട് വശത്തേക്ക് പിളരുന്ന രീതിയില്‍ തുറക്കുന്ന മനോഹരമായ കാഴ്ച്ചയാണ് പിന്നീട് ഞങ്ങള്‍ കണ്ടത്.

തെയിംസ് നദിയുടെ കരയിലൂടെ ഞങ്ങള്‍ തിരിച്ച് നടന്നു.

അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങള്‍ ബക്കിംഹാം പാലസ് കാണാന്‍ വേണ്ടി പുറപ്പെട്ടു.രാവിലെ 11:30 നാണ് ‘ചെയ്ജിങ്ങ് ഓഫ് ഗാര്‍ഡ്’ എന്ന പരിപാടി .രാവിലെ 11 മണീക്ക് തന്നെ ഞങ്ങള്‍ ബക്കിംഹാം പാലസിന്റെ അടുത്തെത്തി.

പാലസിന്റെ ചുറ്റുവശവും കൂറ്റന്‍ മതിലുകളാല്‍ സംരക്ഷിക്കപ്പെട്ടിരുന്നു.

പാലസിന്റെ മുന്‍‌വശത്തായി ഒരു വലിയ പ്രതിമ ഉണ്ടായിരുന്നു.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരായിരുന്ന ബ്രിട്ടന്റെ പ്രതാപകാലത്തിന്റെ ഉത്തമോദാഹരണമായിരുന്നു ബക്കിംഹാം പാലസ്.സാമ്രാജ്യങ്ങള്‍ കെട്ടിപടുക്കുന്നതിനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയുന്നതിന് മൂകസാക്ഷിയായിട്ടുള്ളതാണീ പാലസ് .775 മുറികളുള്ള പാലസില്‍ താമസിക്കാനും ഓഫീസിനും മറ്റും പ്രത്യേകം മുറികളുണ്ടായിരുന്നു.1837 ല്‍ നിലവില്‍ വന്ന പാലസിന്റെ പ്രതാപം വിളിച്ചറിയിക്കാനെന്നോണം ‘ചെയ്ഞ്ചിങ്ങ് ത ഗാര്‍ഡിന്റെ’ കുതിര കുളമ്പടികള്‍ കേട്ടുതുടങ്ങി....


ബക്കിം ഹാം പാലസിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ പരസ്പരം ജോലി കൈമാറുന്ന ഒരു ചടങ്ങായിരുന്നു ‘ചെയ്ഞ്ചിങ്ങ് ത ഗാര്‍ഡ്’.പ്രത്യേക തരം യൂനിഫോമിട്ട സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഒരു റിപ്പബ്ലിക് ഡേ പരേഡിനെ അനുസ്മരിക്കും വിധം ബാന്റ് വാദ്യങ്ങള്‍ക്കൊത്ത് ചുവടുകള്‍ വെക്കുന്ന കാഴ്ച്ച മനോഹരമായിരുന്നു.ബക്കിംഹാം പാലസിന്റെ കോമ്പൌണ്ടില്‍ പ്രവേശിച്ച ശേഷം ഏകദേശം അരമണിക്കൂറോളം നേരം ബാന്റും സംഗീതോപകരണങ്ങളും ഒരേ താളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു,നൂറുക്കണക്കിന് കാഴ്ച്ചക്കാരെ ആവേശഭരിതരാക്കിക്കൊണ്ട്.

ബക്കിംഹാം പാലസിന് ചുറ്റും മൂന്ന് വലിയ പാര്‍ക്കുണ്ട്.

ബ്രിട്ടന്റെ കോളണികളുടെ പേരുകള്‍ രണ്ടു വലിയ തൂണുകളിലായി കൊത്തി വെച്ചിട്ടുണ്ടായിരുന്നു.

ബ്രിട്ടന്റെ സാമ്രാജ്യ വികസനത്തില്‍ രക്തസാക്ഷികളായ പട്ടാളക്കാരുടെ പേരു വിവരങ്ങള്‍ പല സ്ഥലങ്ങളിലായി കൊത്തി വെച്ചിട്ടുണ്ടായിരുന്നു..അവര്‍ നടത്തിയ യുദ്ധങ്ങളുടെ പേരുകളും കൂടെ കൊത്തിവെച്ച് കണ്ടു...പക്ഷേ എന്റെ മനസ്സിലേക്ക് അപ്പോള്‍ കടന്നു വന്നത് ഇവരുടെ വാളുകള്‍ക്കും തോക്കുകള്‍ക്കും ഇരയാവേണ്ടി വന്ന അനേകായിരം ഭഗത്സിംഗുമാരുടെ വീര‍ചരിത്രമായിരുന്നു...അവരുടെ ചരിത്രങ്ങള്‍ ഓര്‍ക്കാന്‍ അവരുടെയൊന്നും പേരുകള്‍ സിമന്റിലും കല്ലിലും കൊത്തിവെക്കേണ്ട ആവശ്യം ഒരിന്ത്യക്കാരനുമുണ്ടായിരുന്നില്ല....കാരണം അവരുടെ പേരുകള്‍ കോറിയിട്ടത് ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിലായിരുന്നു...ഒരിക്കലും ഉണങ്ങാത്ത മുറിവുകളായി...

14 comments:

കുഞ്ഞായി | kunjai said...

ലെണ്ടന്‍ യാത്രാ വിവരണം ഇവിടെ അവസാനിക്കുന്നു...

സമയക്കുറവ് മൂലം ചില സ്ഥലങ്ങള്‍ എനിക്ക് പോകാന്‍ പറ്റിയിരുന്നില്ല.

faisu madeena said...

.അവരുടെ ചരിത്രങ്ങള്‍ ഓര്‍ക്കാന്‍ അവരുടെയൊന്നും പേരുകള്‍ സിമന്റിലും കല്ലിലും കൊത്തിവെക്കേണ്ട ആവശ്യം ഒരിന്ത്യക്കാരനുമുണ്ടായിരുന്നില്ല....കാരണം അവരുടെ പേരുകള്‍ കോറിയിട്ടത് ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിലായിരുന്നു...ഒരിക്കലും ഉണങ്ങാത്ത മുറിവുകളായി...


ഈ വരികള്‍ ആണ് എനിക്കേറ്റവും ഇഷ്ട്ടപ്പെട്ടത്‌ ...

Jazmikkutty said...

കുഞ്ഞായീ,നന്നായിരിക്കുന്നു..ലണ്ടന്‍ യാത്രാവിവരണം മനോഹരമായി തുടങ്ങി ഒരു നൊമ്പരത്തോടെ അവസാനിപ്പിച്ചിരിക്കുന്നു..ഇനിയും എഴുതു...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അസൂയ മൂത്തതിനാല്‍ കമന്റ് ഇടുന്നില്ല.

കുഞ്ഞായി | kunjai said...

ഫൈസു:കമന്റിന് നന്ദി
ജാസ്മിക്കുട്ടി:ഇനിയും എഴുതാം,നിങ്ങളൊക്കെ വാഴിക്കാനുണ്ടെങ്കില്‍...കമന്റിന് നന്ദി

ഇസ്മായില്‍ കുറുമ്പടി:അസൂയ്യക്ക് വല്ല കുറവും വന്നാല്‍ വന്ന് കമന്റെണം കെട്ടോ..:)

പ്രദീപ് പേരശ്ശന്നൂറ് : ഇതുവഴി വന്നതിനും കമന്റിനും നന്ദി

ഹംസ said...

ഇവിടെ ആദ്യമായാ വരുന്നതെന്ന് തോന്നുന്നു കാണാന്‍ വൈകിപ്പോയി ... യാത്ര വിവരണവും ചിത്രങ്ങളും നന്നായിട്ടുണ്ട് ..

OAB/ഒഎബി said...

ഭാഗ്യവാൻ! കുൽ അൽഹംദുലില്ലാഹ്.

ശരിക്കും അസൂയ തോന്നുന്നുണ്ട്ട്ടൊ.
ബാക്കി സ്ഥലം കണ്ടില്ലെങ്കിലെന്ത്,,,

ലാസ്റ്റ് വരികൾ ചിന്തകളെ വേറോരു വഴികളിൽ കൂടി സഞ്ചരിക്കാനിടയാക്കി.

നന്നായി വരട്ടെ..

കുഞ്ഞായി | kunjai said...

ഹംസ:നിങ്ങള്‍ക്ക് സ്വാഗതം...കമന്റിന് നന്ദി
ഒഎബി:കമന്റിന് നന്ദി

ഒരു യാത്രികന്‍ said...

വിവരണത്തില്‍ പിശുക്കുന്ടെങ്കിലും രസകരമായി.........സസ്നേഹം

കുഞ്ഞായി | kunjai said...

ഒരു യാത്രികന്‍:നന്ദി

ജയരാജ്‌മുരുക്കുംപുഴ said...

hridayam niranja puthu valsara aashamsakal....

Kadalass said...

ആദ്യമയി, വളരെ താമസിച്ചുവന്നു.
എന്നാലും അഭിപ്രായം പറയാതെ പോകുന്നത് ഒട്ടും ശരിയല്ല.
യാത്രാവിവരണം ഹ്രദ്യമായി.

ആശംസകള്‍!

കുഞ്ഞായി | kunjai said...

jayarajmurikkumpuzha:ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

മുഹമ്മദ് കുഞ്ഞിവണ്ടൂര്‍:ഇതുവഴി വന്നതിനും കമന്റിനും നന്ദി

jyo.mds said...

ന്യൂയോര്‍ക്കിനൊപ്പം ലണ്ടന്‍ വാക്സ് മ്യൂസ്സിയം കൂടി കണ്ടപ്പോള്‍ സന്തോഷം തോന്നി.നന്നായിരിക്കുന്നു ചിത്രങ്ങളും വിവരണവും.