Mar 26, 2011

ലിബിയയിലെ തുറക്കാത്ത വാതില്‍

രാവിലെ ഒന്നോ രണ്ടോ ആളുകള്‍ ഞങ്ങള്‍ താമസിക്കുന്ന ഓജലയിലെ ഫാം ഹൌസില്‍ നിന്നും സ്ലംബര്‍ജറി‍ന്റെ ആള്‍ക്കാര്‍‍ താമസിക്കുന്ന മെയിന്‍ അപയാര്‍ത്തി ക്യാമ്പില്‍ പോകും... വിവരങ്ങള്‍ അറിയുവാന്‍,രക്ഷപ്പെടാന്‍ വല്ല വഴിയും തെളിഞ്ഞ് വരുന്നോ എന്നറിയാന്‍.ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും ഏഴ് കിലോമീറ്റര്‍ മാറിയാണ് മെയിന്‍ ക്യാമ്പ്.


ഫാം ഹൌസ്
ആ ദിവസങ്ങളില്‍ ഏറ്റവും കൂടുതലായി ഉപയോഗിച്ചിരുന്ന വാക്കുകളായിരുന്നു ‘any news..?' എന്നുള്ളത്.സത്യത്തില്‍ ആര്‍ക്കും അറിയില്ലായിരുന്നു എങ്ങിനെ രക്ഷപ്പെടുമെന്ന്.

ഞങ്ങളുടെ ക്യാമ്പില്‍ താമസിക്കുന്നവരില്‍ 20 പേര്‍ ലിബിയക്കാരായിരുന്നു,ബാക്കി എട്ട് ആള്‍ക്കാര്‍ ഏഴ് വ്യത്യസ്ത രാജ്യക്കാരായിരുന്നു.അതില്‍ അമേരിക്കക്കാരനും ഇംഗ്ലണ്ടുകാരനും ഹോളണ്ട് കാരനും ഫ്രെഞ്ച് കാരനും ഇന്തോനേഷ്യക്കാരനും ഈജിപ്തുകാരനും ഇന്ത്യക്കാരനും ടുണീഷ്യക്കാരനുമുണ്ടായിരുന്നു.ഓരോ നാട്ടുകാരനും അവനവനെക്കൊണ്ട് കഴിയുന്ന രീതിയിലൊക്കെ രക്ഷാ മാര്‍ഗ്ഗങ്ങള്‍ തിരക്കുന്നുണ്ടായിരുന്നു.

അതില്‍,വളരെ കടന്ന് ചിന്തിച്ച് കാര്യങ്ങള്‍ ചെയ്തത് ഫ്രെഞ്ച് കാരനായ പാട്രിക് ആണ്.പുള്ളിക്കാരന്‍ സ്ലംബര്‍ജര്‍കാരുടെ കയ്യിലുള്ള തുരയ്യ ഫോണിന്റെ ജി.പി.എസില്‍ നോക്കി ഞങ്ങള്‍ നില്‍ക്കുന്ന ഓജലയിലെ സ്ഥലത്തിന്റെ പൊസിഷന്‍ ( Altitude ,longitude etc) കുറിച്ചെടുത്തു ,എന്നിട്ട് അത് അവരുടെ ലിബിയയിലുള്ള ഫ്രെഞ്ച് എംബസിയിലേക്ക് മെസ്സേജായിട്ടയച്ചു കൊടുത്തു.എംബസി പാട്രിക്കിന് എല്ലാവിധ സെക്യൂരിറ്റിയും ഉറപ്പ് നല്‍കി.അവരുടെ പടക്കപ്പല്‍ ലിബിയയുടെ തീരത്തെത്തിയുട്ടുണ്ടായിരുന്നു.പക്ഷേ പട്ടാളക്കാര്‍ക്ക് റോഡ് വഴി വരാന്‍ പറ്റുമായിരുന്നില്ല,അതുകൊണ്ട് തന്നെ മിലിട്ടറി ഫ്ലൈറ്റിന് പറക്കാന്‍ അനുമതികിട്ടിയാല്‍ ഞങ്ങള്‍ വന്ന് നിങ്ങളെ രക്ഷിക്കാമെന്ന് പാട്രിക്കിന് ഉറപ്പ് കൊടുത്തു.

മൂന്നു നാലുദിവസങ്ങള്‍ കൊണ്ട് രക്ഷപ്പെടാനുള്ള വ്യക്തമായ വഴികളൊന്നും കാണാത്തത് കൊണ്ട്,ഓരോരുത്തരും അവരവരുടെ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരുന്നു.അതില്‍ പ്രധാനമാഴും ഉയര്‍ന്ന് കേട്ടത് ലിബിയക്കാരുടെ ശബ്ദമായിരുന്നു...എല്ലാത്തിനും മറുപടിയെന്നോണം കമ്പനി ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി.എന്നിട്ട് കമ്പനി ഇന്‍ ചാര്‍ജുമാരായ അഹമ്മദും സ്കോട്ടും കൂടെ പറഞ്ഞു -ഇവിടെ നിന്നും പുറത്ത് കടക്കാന്‍ പല വഴികളുണ്ട്,ആറ് മണിക്കൂര്‍ യാത്ര ചെയ്താല്‍ ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും ഈജിപ്തിലെത്താം,എട്ട് മണിക്കൂറുകൊണ്ട് സെല്ലയിലെത്താം(ട്രിപ്പോളിക്ക് മുന്‍പുള്ള പട്ടണമാണ് സെല്ല)..പക്ഷേ ഒരുറപ്പും ആര്‍ക്കും തരാന്‍ പറ്റില്ല...തന്നെയുമല്ല അങ്ങിനെ ഒറ്റക്ക് പോയി വല്ലതും സംഭവിച്ചാല്‍ കമ്പനിക്ക് യാതൊരുവിധ ഉത്തരവാദിത്തവുമുണ്ടായിരിക്കുന്നതല്ല-ഇത്രയും കേട്ടതോടെ ഒറ്റക്ക് രക്ഷപ്പെടാനുള്ള വഴികളെക്കുറിച്ചുള്ള അന്യേഷണങ്ങളൊക്കെ എല്ലാവരും ഉപേക്ഷിച്ചു.

മൂന്ന് ദിവസത്തെ കാത്തിരിപ്പിനു ശേഷം ഫെബ്രുവരി 25ന് കമ്പനിയുടെ വ്യക്തമല്ലാത്ത ‘ഇവാകുവേഷന്‍ പ്ലാന്‍’ നിലവില്‍ വന്നു.60 നു മേലെ വരുന്ന വിദേശികളെ ആദ്യം തന്നെ രക്ഷപ്പെടുത്തി അടുത്തുള്ള മാള്‍ട്ട എന്ന ദ്വീപിലേക്കോ അല്ലെങ്കില്‍ ടുണീഷ്യയിലേക്കോ കൊണ്ടുപോകുക എന്നുള്ളതായിരുന്നു ആദ്യത്തെ തീരുമാനം.ഫ്ലൈറ്റ് എവിടെ നിന്നു വരുമെന്നതിനെ ചൊല്ലി വ്യക്തത അപ്പോഴുമുണ്ടായിരുന്നില്ല.

ഞങ്ങള്‍ക്ക് ചുറ്റും നാലോളം എയര്‍ സ്ട്രിപ്പുകള്‍ (ചെറിയ എയര്‍പോര്‍ട്ട്)50 -150 കിലോമീറ്റര്‍ ചുറ്റളവിലായിട്ടുണ്ടായിരുന്നു .എങ്ങിനെ സുരക്ഷിതരായി അവിടം വരെ എത്തുക എന്നുള്ളത് വളരെ റിസ്കേറിയ കാര്യമായിരുന്നു.കൊള്ളക്കാര്‍ ഉന്നം വെച്ചിരിക്കുന്നത് ചെറിയ പിക്കപ്പും ലാന്റ് ക്രൂസറുമാണ്.അതുകൊണ്ട് തന്നെ ഞങ്ങളെ വലിയ ട്രക്കുകളിലും ബസ്സുകളിലും കയറ്റി യാത്രയാക്കാന്‍ തീരുമാനമായി. സാധാരണ മരുഭൂമികളില്‍ നിന്നും വ്യത്യസ്തമായി സഹാറാ മരുഭൂമിയിലൂടെ ഫോര്‍ വീല്‍ ഡ്രൈവില്ലാത്ത വാഹനങ്ങള്‍ക്കും യാത്ര ചെയ്യാം,ഹാര്‍ഡ് സാന്റാണ് ഇവിടെ കൂടുതലും ഉള്ളത്,അതുകൊണ്ട് തന്നെ വാഹനങ്ങളൊന്നും പെട്ടെന്ന് താണുപോകില്ല. കലാശ്നിക്കോവുമായി ലോക്കല്‍ സെക്യൂരിറ്റിക്കാര്‍ ഞങ്ങള്‍ക്ക് കൂട്ട് വരാമെന്നേല്‍ക്കുകയും ചെയ്തു.ഓജലയിലെ പോലീസ് സ്റ്റേഷനില്‍ നിന്നും ഞങ്ങള്‍ക്ക് സഹായ വാഗ്ദാനങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു.

വാഹാ എയര്‍ സ്ട്രിപ്പില്‍ നിന്നാണ് ആദ്യത്തെ റെസ്ക്യൂ ഫ്ലൈറ്റില്‍ ഞങ്ങളുടെ‍ കുറച്ച് പേര്‍ രക്ഷപ്പെട്ടത്.മറ്റേതോ കമ്പനിയുടെ റെസ്ക്യൂ ഫ്ലൈറ്റായിരുന്നു അത്,ബാക്കി വന്ന കുറച്ച് സീറ്റുകള്‍ ഞങ്ങളുടേ ആള്‍ക്കാര്‍ക്ക് ലഭിക്കുകയായിരുന്നു. അതിലേക്ക് തിരഞ്ഞെടുത്തവരുടെ ലിസ്റ്റില്‍ കയറിപ്പറ്റാന്‍ പറ്റിയില്ല.

ബാക്കി വരുന്ന 50ഓളം ആള്‍ക്കാരിലായിരുന്നു ഞാന്‍ ഉള്‍പ്പെടെ 4 ഇന്ത്യക്കാരുമുണ്ടായിരുന്നത്.സ്ലംബര്‍ജര്‍ ക്യാമ്പില്‍ എന്നെക്കൂടാതെ മൂന്ന് ഇന്ത്യക്കാരുമുണ്ടായിരുന്നു,ഒരു ഗുജറാത്തി ബാക്കി എല്ലാം മലയാളികള്‍. അതേ ദിവസം തന്നെ വൈകീട്ട് നാലുമണിക്കുള്ള ഫ്ലൈറ്റില്‍ കയറാമെന്ന് പറഞ്ഞു ഞങ്ങള്‍ ബാക്കി വന്ന 50 വിദേശികളെ ഒരു ബസ്സിലും , മുകള്‍ഭാഗം താര്‍പ്പായ വിരിച്ച ട്രക്കിലുമായി A103 എയര്‍ സ്ട്രിപ്പ് വരെ കൊണ്ട് പോയി.പക്ഷേ ഞങ്ങളുടെ ഭാഗ്യദോഷമെന്ന് പറഞ്ഞാല്‍ മതിയല്ലോ ,റെസ്ക്യൂ ചെയ്യാന്‍ വരാമെന്ന് പറഞ്ഞ ഇറ്റാലിയന്‍ ഫ്ലൈറ്റിന് ലിബിയയില്‍ ഇറങ്ങാനുള്ള അനുമതി കിട്ടിയില്ല.ഞങ്ങളെല്ലാവരും നിരാശരായി മടങ്ങിപ്പോരേണ്ടി വന്നു.

ഏഴ് കിലോമീറ്റര്‍ ദൂരെയുള്ള ഫാം ഹൌസിലേക്ക് പോകാന്‍ നില്‍ക്കാതെ ഞങ്ങള്‍ മെയിന്‍ അഭയാര്‍ത്ഥി ക്യാമ്പായ കല്യാണ മണ്ഡപത്തിലാണ് അന്തിയുറങ്ങിയത്.വീണ്ടുമൊരേഴ് കിലോമീറ്റര്‍ കൂടി യാത്ര ചെയ്യാന്‍ ഞങ്ങള്‍ക്ക് വയ്യായിരുന്നു. മണല്‍ക്കാറ്റേറ്റുള്ള യാത്ര ഞങ്ങളെ അത്രക്ക് ക്ഷീണിതരാക്കിയിരുന്നു,കൂട്ടത്തില്‍ ഫ്ലൈറ്റ് കിട്ടാത്തതിന്റെ നിരാശയും.

ഫാം ഹൌസിലെപ്പോലെ സുഗമമായിരുന്നില്ല കൂടുതല്‍ ആള്‍ക്കാര്‍ തിങ്ങിപാര്‍ക്കുന്ന കല്യാണമണ്ഡപത്തിലെ സ്ഥിതി.ഭക്ഷണം കഴിക്കാനുള്ള പ്ലെയിറ്റുകളൊന്നും ലിബിയയില്‍ ഇന്നും പ്രചാരത്തിലായിട്ടില്ലെന്ന് തോന്നുന്നു...നാലോ അഞ്ചോ ആളുകള്‍ ഒരു വലിയ തളികയില്‍ ആഹാരം വിളമ്പിയിട്ട് നാലുഭാഗത്ത് നിന്നും സ്പൂണുപയോഗിച്ച് കോരിതിന്നുന്ന അറബികളുടെ പഴയ രീതിതന്നെ...അതെങ്കിലും കിട്ടുന്നുണ്ടല്ലോ എന്നോര്‍ത്ത് സമാധാനിച്ചുപോന്നു.കുളിക്കാനുള്ള സംവിധാനമൊന്നുമുണ്ടായിരുന്നില്ല.കഷ്ടിച്ച് ഒന്നും രണ്ടും നടത്താം ,അത്ര തന്നെ.മണ്ഡപത്തിലെ രണ്ട് വലിയ ഹാളുകളിലായി ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു...എല്ലാവരും അടുത്തടുത്ത് ബെഡ് വിരിച്ച് ഉറങ്ങാന്‍ കിടന്നു...ശ്രുതിയും താളവും തെറ്റിയുള്ള കൂര്‍ക്കം വലികള്‍ക്ക് നടുവില്‍ നിദ്ര എന്നത് ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു.


അടുത്ത ദിവസം ഉച്ചക്ക് തന്നെ ഞങ്ങള്‍ അമ്പത് വിദേശികളേയും കൊണ്ട് തലേദിവസത്തെപ്പോലെ തന്നെ ബസ്സിലും ട്രക്കിലുമായി യാത്ര തിരിച്ചു.തലേ ദിവസത്തെ ദുരനുഭവം എല്ലാവരിലേയും ആത്മവിശ്വാ‍സം പാടേ തല്ലിക്കെടുത്തിയിരുന്നു.ഞങ്ങളുടെ വാ‍ഹനങ്ങള്‍ എയര്‍ സ്ട്രിപ്പിന്റെ അടുത്തായി സ്ഥാനം പിടിച്ചു.ഞങ്ങളെപ്പോലെ മറ്റ് പല കമ്പനിയുടെ ആള്‍ക്കാരും അവിടെ എത്തിയിട്ടുണ്ടായിരുന്നു. ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് എയര്‍ സ്ട്രിപ്പിന്റെ അടുത്തെത്തിയ ഞങ്ങള്‍ നാലു മണിവരെ കാത്തിരുന്നു.എന്റെ കൂടെ ട്രെക്കിലുണ്ടായിരുന്നവരെല്ലാം അസ്വസ്തരാവാന്‍ തുടങ്ങിയിരുന്നു.വാഹനങ്ങളില്‍ നിന്നും പുറത്തിറങ്ങാന്‍ അനുമതിയുണ്ടായിരുന്നില്ല. കമ്പനിയുടെ മാനേജ്മെന്റ് സ്റ്റാഫായ മാഗ്ദിയാണ് അവസാനമായി ആ സത്യം എല്ലാവരോടുമായി വെളിപ്പെടുത്തിയത്....യൂറോപ്പിയന്‍ യൂണിയന്റെ രണ്ട് മിലിട്ടറി ഫ്ലൈറ്റുകളാണ് വരുന്നത്..മിക്കവാറും എല്ലാവര്‍ക്കും അതില്‍ കയറി രക്ഷപ്പെടാം...പക്ഷേ ഈ ഫ്ലൈറ്റുകള്‍ നേരെ ഏതെങ്കിലുമൊരു യൂറോപ്പിയന്‍ കണ്ട്രിയിലായിരിക്കും ലാന്റ് ചെയ്യുന്നത്...ഞങ്ങളുടെ പാസ്പോര്‍ട്ട് പിന്നീട് ആ രാജ്യത്തേക്ക് കമ്പനിയുടെ ട്രിപ്പോളി ഒഫീസില്‍ നിന്നും അയച്ച് തരേണ്ടി വരും.ആരും ഫോട്ടോ എടുക്കാനോ ,ഈ ഫ്ലൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് വിളിച്ച് പറയാനോ പാടുള്ളതല്ല.


ആദ്യം ലാന്റ് ചെയ്തത് റുമാനിയന്‍ മിലിട്ടറി ഫ്ലൈറ്റായിരുന്നു.കടും പച്ച നിറത്തിലുള്ള ഒരു വലിയ ഫ്ലെറ്റ് തന്നെയായിരുന്നു അത്.പക്ഷേ അത് ലാന്റ് ചെയ്ത രീതി എന്നെ അമ്പരപ്പിച്ചിരുന്നു,പറന്നിറങ്ങിയ ഫ്ലൈറ്റിന് സ്പീഡ് കണ്ട്രോളില്‍ വരുത്താന്‍ വേണ്ടി വന്നത് വെറും 100ഫീറ്റിലും താഴെ ദൂരം മാത്രം.സാധാരണ ഫ്ലൈറ്റുകളില്‍ നിന്നും വ്യത്യസ്തമായി മിലിട്ടറി ഫ്ലൈറ്റിന്റെ പുറക് വശം കൂറ്റന്‍ സ്രാവ് വാ പിളര്‍ക്കുന്നത്പോലെ തുറന്ന് വരും. അതിലൂടെയാണ് ആളുകള്‍ കയറുന്നതും ഇറങ്ങുന്നതും.

ആദ്യത്തെ ഫ്ലൈറ്റില്‍ മറ്റു കമ്പനിയുടെ ആള്‍ക്കാരാണ് കയറിപ്പറ്റിയത്. ഫ്ലൈറ്റ് ആളെ കയറ്റുന്നതിനിടയില്‍ എയര്‍ സ്ട്രിപ്പിന്റെ സംരക്ഷണച്ചുമതലയുള്ള ഒരു ട്രൈബല്‍ ലീഡര്‍ കയ്യില്‍ കലാശ്നിക്കോവുമായി വന്ന് വാക്കേറ്റമുണ്ടാക്കി.മറ്റു രാജ്യക്കാരുടെ ഫ്ലൈറ്റ് അവിടെ ഇറക്കുന്ന വിവരം അവര്‍ക്ക് കൈമാറിയില്ല പോലും.ഗദ്ദാഫി മറ്റ് ആഫ്രിക്കന്‍ നാടുകളില്‍ നിന്നും പട്ടാളക്കാരെ ഇറക്കുന്നതായി പരാതി നിലവിലുണ്ടായിരുന്നു,വിമതരെ അടിച്ചമര്‍ത്തുന്നതിനായി. ഏതായാലും കുറച്ച് സമയത്തെ സംഘര്‍ഷാവസ്ഥക്കൊടുവില്‍ അവര്‍ പിരിഞ്ഞ് പോയി.ഇതിനിടയില്‍ അടുത്ത മിലിട്ടറി ഫ്ലൈറ്റ് ലാന്റ് ചെയ്തു.ഫ്ലൈറ്റിന്റെ മുകളില്‍ ജെര്‍മനിയുടെ ഫ്ലാഗായിരുന്നു ഉള്ളത്.എയര്‍ സ്ട്രിപ്പിലെ സംഘര്‍ഷാവസ്ഥ മുന്‍പ് വന്ന ഫ്ലെറ്റില്‍ നിന്നും വയര്‍ലെസ്സ് വഴി കൈമാറിയത് കൊണ്ടാണെന്ന് തോന്നുന്നു ഫ്ലൈറ്റ് ലാന്റ് ചെയ്ത ഉടന്‍ തന്നെ ഹിറ്റ്ലറുടെ നാട്ടിലെ ചുണക്കുട്ടന്മാര്‍ കയ്യില്‍ മെഷീന്‍ ഗെണ്ണുമായി ഫ്ലൈറ്റിന്റെ നാലുമൂലയിലും സ്ഥാനമുറപ്പിച്ചത് ഇംഗ്ലീഷ് സിനിമയിലേത് പോലായിരുന്നു.ഫ്ലൈറ്റ് ലാന്റ് ചെയ്തതും ഞങ്ങളെല്ലാവരും വരി വരിയായി നിന്നു.പക്ഷേ ഫ്ലൈറ്റില്‍ നിന്നും ഇറങ്ങി വന്ന പട്ടാളക്കാരന്‍ യൂറോപ്പിയന്‍ പാസ്പോര്‍ട്ടുള്ള ആരെങ്കിലുമുണ്ടോ എന്നാണ് ആദ്യം തന്നെ ചോദിച്ചത്.ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും റൂദും സ്കോട്ടും പാട്രിക്കുമൊക്കെ അവരവരുടെ പാസ്പോര്‍ട്ടിന്റെ ഫോട്ടോസ്റ്റാറ്റും പൊക്കിപ്പിടിച്ച് ഫ്ലൈറ്റില്‍ കയറിപ്പോയി. ഞങ്ങളുടെ ഇന്‍ ചാര്‍ജ് മഗദി കെഞ്ചി നോക്കിയിട്ടും ഞങ്ങളുടെ ഇടയില്‍ ബാക്കി വന്ന ഒരൊറ്റ ഏഷ്യക്കാരനേയും ‍ആഫ്രിക്കക്കാരനേയും കയറ്റാന്‍ തയ്യാറായില്ല.പക്ഷേ അമേരിക്കക്കാരനും റഷ്യക്കാരനുമെല്ലാം ആ ഫ്ലൈറ്റില്‍ ഇടം പിടിച്ചു. തേങ്ങ എണ്ണിനോക്കുന്നതിന്നിടയില്‍പെട്ട പേട്ട് തേങ്ങകളെപ്പോലെ ഞങ്ങള്‍ കുറച്ച് പേരെ ആര്‍ക്കും വേണ്ടാത്തവരായി ദൂരെ മാറ്റി നിര്‍ത്തപ്പെട്ടു.നമ്മള്‍ മൂന്നാം ലോകരാഷ്ട്രക്കാരെയൊക്കെ അല്ലേലും ആര്‍ക്ക് വേണമെന്ന് ആരോ കൂട്ടത്തില്‍ നിന്നും

പറയുന്നുണ്ടായിരുന്നു.മുങ്ങിത്താഴുന്നവന്റെ മുന്‍പില്‍ നിന്നും അവസാന കച്ചിത്തുരുമ്പും അറുത്തുമാറ്റപ്പെട്ടതുപോലെ ഞങ്ങള്‍ ക്യാമ്പിലേക്ക് യാത്ര തിരിച്ചു,പരസ്പരം ഒന്നുമുരിയാടാതെ.അന്ന് രാത്രി സ്ലംബര്‍ജറിന്റെ യഥാര്‍ത്ത ‘ഇവാകുവേഷന്‍‘ പ്ലാനിനു പച്ചക്കൊടികിട്ടിയതായി ക്യാമ്പിലേക്ക് ഫോണ്‍ വന്നു.സ്ലംബര്‍ജര്‍ ഒരു ഫ്ലൈറ്റ് വാടകക്കെടുത്ത് മുഴുവന്‍ ആളുകളേയും രക്ഷപ്പെടുത്തും.ആദ്യം ലിബിയക്കാരെ ട്രിപ്പോളിയില്‍ കൊണ്ട് ചെന്ന് ഇറക്കും ,പിന്നീട് ബാക്കിയുള്ള വിദേശികളായ മുപ്പതാളുകളേയും ട്രിപ്പോളിയില്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും പാസ്പ്പോര്‍ട്ട് സംഘടിപ്പിച്ച് ടുണീഷ്യക്ക് കൊണ്ട് പോകും.അടുത്ത ദിവസം എല്ലാം വളരെ പ്ലാനിങ്ങില്‍ നടന്ന ദിവസമായിരുന്നു.മുഴുവന്‍ ലിബിയക്കാരെയും ട്രിപ്പോളിയില്‍ ഇറക്കിയ ശേഷം ഞങ്ങള്‍ വിദേശികളേ കൊണ്ട് പോകാന്‍ ഫ്ലൈറ്റിന്റെ അടുത്ത ട്രിപ്പ് ജാലോ എയര്‍ സ്ട്രിപ്പില്‍ വന്നിറങ്ങി.ഏകദേശം നൂറ് സീറ്റുള്ള ഫ്ലൈറ്റില്‍ ബാക്കി വരുന്ന സീറ്റില്‍ മറ്റു കമ്പനിയുടെ ആള്‍ക്കാരെ കയറ്റാന്‍ ധാരണയായിരുന്നു.ആദ്യം തന്നെ ഞങ്ങള്‍ മുപ്പതുപേര്‍ ഫ്ലൈറ്റില്‍ കയറിയിരുന്നു,ബാക്കി വന്ന സീറ്റിനുവേണ്ടി കുറെ അധികം ആളുകള്‍ കയറിയിരുന്നു.ഒരു സീറ്റില്‍ രണ്ട് പേരൊക്കെ ഇരിത്തി ഫ്ലൈറ്റ് ടെയ്ക്കോഫ് ചെയ്തു.ട്രിപ്പോളി എയര്‍പ്പോര്‍ട്ടിലിറങ്ങി ഞങ്ങള്‍ക്ക് പാസ്പോര്‍ട്ട് വാങ്ങണമായിരുന്നു.അതിനുവേണ്ടി ഞങ്ങള്‍ ട്രിപ്പോളി എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങി.എയര്‍പ്പോര്‍ട്ടിന്റെ അകത്തെ കാഴ്ച്ച കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്നതിനുമപ്പുറത്തായിരുന്നു.ലിബിയ നേരിടാന്‍ പോകുന്ന അപകടം മുന്നില്‍ കണ്ട് എല്ലാ രാജ്യത്തിന്റെയും എംബസികള്‍ അവരവരുടെ ആള്‍ക്കാരെ എയര്‍പ്പോര്‍ട്ടിലേക്ക് അയച്ചിരിക്കുകയായിരുന്നു.സത്യത്തില്‍ ട്രിപ്പോളി എയര്‍പ്പോര്‍ട്ടായിരുന്നു യഥാര്‍ത്ഥ അഭയാര്‍ത്തി ക്യാമ്പ്.പതിനായിരത്തോളം ആള്‍ക്കാര്‍ തിങ്ങി ഞെരുങ്ങി നില്‍ക്കുന്ന കാഴ്ച്ച.....ഭക്ഷണം കിട്ടാതെ കരയുന്ന പിഞ്ചു പൈതങ്ങള്‍...നിസ്സഹായരായി നില്‍ക്കുന്ന അമ്മമാര്‍ ‍...ദിവസങ്ങളോളം ഉറങ്ങാത്ത ആള്‍ക്കാരുടെ കണ്ണുകള്‍ അറിയാതെ അടഞ്ഞ് പോകുന്നുണ്ടായിരുന്നു...സഹായവുമായി അവരവരുടെ രാജ്യങ്ങളുടെ ഫ്ലൈറ്റ് കാത്ത് നില്‍ക്കുന്ന പാവങ്ങളായിരുന്നു അവര്‍...ഞങ്ങളുടെ കമ്പനിയുടെ ഇന്‍ ചാര്‍ജ് പാസ്പോര്‍ട്ടുമായി എയര്‍പ്പോര്‍ട്ടിലെത്തിയിരുന്നു.പക്ഷേ ആ പാസ്പോര്‍ട്ട് അകത്തെത്തിച്ച് എല്ലാവരുടേയും എമിഗ്രേഷന്‍ ക്ലിയര്‍ ചെയ്യല്‍ അത്ര എളുപ്പമുള്ള കാര്യമല്ല...പുറത്ത് നിന്നും പാസ്പോര്‍ട്ടുമായി ഒരാള്‍ അകത്തെത്താന്‍ ചുരുങ്ങിയത് ആറ് മണിക്കൂറെടുക്കും.എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ സാഹസം വേറേയും... ഒടുക്കം പന്ത്രണ്ടായിരം ലിബിയന്‍ ദിനാര്‍ (ഏകദേശം നാലര ലക്ഷം രൂപ) കൈക്കൂലി കൊടുത്ത് എല്ലാവരുടേയും പാസ്പോര്‍ട്ടുംടിക്കറ്റുമൊക്കെ ഞങ്ങള്‍ എയര്‍പ്പോര്‍ട്ടിന്റെ അകത്ത് ഇറങ്ങി നിന്നിടത്ത് കൊണ്ട് തന്നു.ഫ്ലൈറ്റിനുവേണ്ടി ചിലവാക്കിയ രണ്ട് ലക്ഷത്തി എണ്‍പതിനായിരം യൂറോക്ക് മുന്‍പില്‍ അതൊരു നിസ്സാര സംഖ്യ മാത്രമായിരുന്നു കമ്പനിക്ക്...നാല്പത്തഞ്ച് മിനിട്ടു നേരത്തെ യാത്രയേ ഉണ്ടായിരുന്നുള്ളൂ.. എല്ലാവരും സുരക്ഷിതരായി ടുണീഷ്യയുടെ തലസ്ഥാനമായ ടൂണിസില്‍ ചെന്നിറങ്ങി.ടൂണിസിലുള്ള കമ്പനിയുടെ പി ആര്‍ ഓ എയര്‍പ്പോര്‍ട്ടില്‍ ഞങ്ങളെ കാ‍ത്തിരിപ്പുണ്ടായിരുന്നു. എയര്‍പ്പോര്‍ട്ടില്‍ നിന്നും ഒരാഴ്ച്ചത്തേക്കുള്ള വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്ത് വാങ്ങിയ ശേഷം ഞങ്ങളെല്ലാവരും ഗോള്‍ഡന്‍ ടുലിപ്പ് ഹോട്ടലിലേക്ക് യാത്രയായി... അവിടെനിന്നും ഓരോരുത്തരുടേയും നാട്ടിലേക്കുള്ള ടിക്കറ്റൊക്കെ ബുക്ക് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസം തുടങ്ങാമെന്ന് ഉറപ്പ് തന്നു .

അടുത്ത ദിവസം കമ്പനിയുടെ ആഫ്രിക്കന്‍ ഏരിയാ മാനേജര്‍ മാര്‍ക്ക് ഞങ്ങളെ കാണാന്‍ ഹോട്ടലിലേക്ക് വന്നിരുന്നു.എല്ലാവരേയും രക്ഷപ്പെടുത്തിയതില്‍ മാര്‍ക്ക് എന്ന വലിയ മനുഷ്യന്റെ പങ്ക് എല്ലാവര്‍ക്കുമറിയാമായിരുന്നു ,അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മുന്‍പില്‍ പലരുടേയും കണ്ണുകള്‍ ഈറനണിയുന്നുണ്ടായിരുന്നു...

21 comments:

കുഞ്ഞായി | kunjai said...

അവസാനം സാന്ത്വനവുമായി കമ്പനി തന്നെ എത്തി...ഞങ്ങള്‍ക്ക് മുന്‍പില്‍ വാതില്‍ തുറക്കപ്പെട്ടു.

പക്ഷേ ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും ലിബിയയുടെ പല ഭാഗങ്ങളിലും കുടുങ്ങിക്കിടപ്പുണ്ട്.

ആള്‍ക്കാരെ ഇവാക്കുവേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യ ട്രിപ്പോളിയിലേക്ക് ഫ്ലൈറ്റ് അയച്ചതും ബംഗാസിയിലേക്ക് കപ്പലയച്ചതും പ്രശംസനീയം തന്നെ ....പക്ഷേ ലിബിയ ഒരു വലിയ രാഷ്ട്രമാണ്...ഗ്രേറ്റ് ബ്രിട്ടനേക്കാള്‍ ഏഴ് മടങ്ങ് വലിപ്പമെന്ന് വെച്ചാല്‍ ഊഹിക്കാവുന്നതേ ഉള്ളൂ...അത് കൊണ്ട് തന്നെ ട്രിപ്പോളിയിലും ബംഗാസിയിലുമല്ലാത്ത മറ്റ് സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയ നമ്മുടെ നാട്ടുകാരെക്കുറിച്ച് ചിന്തിക്കാന്‍ ഏതെങ്കിലും നേതാക്കന്മാര്‍ക്കോ ഉദ്യോഗസ്ഥന്മാര്‍ക്കോ ഈ പോസ്റ്റ് ഒരവസരമാവട്ടെ ....

ശ്രീ said...

ഓ... ശ്വാസം പിടിച്ചാണ് വായിച്ചു തീര്‍ത്തത്.

അലി said...

ഇനിയും എത്രയോ പേർ ഇങ്ങനെ കഷ്ടപ്പെടുന്നുണ്ടാവും... ശ്വാസമടക്കി വായിച്ചു തീർത്തു. അവസാനം രക്ഷപെടലിന്റെ നിശ്വാസവും.

Jazmikkutty said...

തളരാതെ പിടിച്ചു നിന്നു അവിടെ നിന്നും രക്ഷപ്പെട്ടത് അറിഞ്ഞ് സന്തോഷം തോന്നുന്നു...(അല്‍ ഹമ്ദുലില്ലാഹ്..)ഇപ്പോള്‍ നാട്ടില്‍ എത്തിയോ? എല്ലാ വിധനന്മകളും നേരുന്നു...എഴുത്ത് ഉദ്വേഗജനകമായി.അഭിനന്ദനങ്ങള്‍..

krishnakumar513 said...

രക്ഷപ്പെട്ട വാര്‍ത്ത അറിഞ്ഞ് വളരെ സന്തോഷം തോന്നുന്നു.........

Akbar said...

ഉദ്വേഗജനകമായ ഒരു ഇംഗ്ലീഷ് സിനിമ കാണുന്ന പോലെയാണ് പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയത്. എല്ലാ യുദ്ധങ്ങളിലും കഷ്ടത അനുഭവിക്കുന്നത് നിരപരാധികളാണ്. ലിബിയയുടെ മണ്ണില്‍ ഇങ്ങിനെ പലയിടത്തായി കുടുങ്ങിപ്പോയ പല രാജ്യക്കാരും കാണും. ആരോ ആര്‍ക്കു വേണ്ടിയോ ചെയ്യുന്ന ദുഷ്ടതകള്‍ക്ക് ഇരയാകേണ്ടി വന്നവര്‍.

കുഞ്ഞായി | kunjai said...

ശ്രീ:ശ്വാസം പിടിച്ച് വായിച്ചതിന് പ്രത്യേകം നന്ദി

അലി:കുറെ നാളിനുശേഷം ഇതുവഴി വന്നതിനും കമന്റിനും പ്രത്യേകം നന്ദി

ജാസ്മികുട്ടി:ഇപ്പോള്‍ നാട്ടിലുണ്ട്,അടുത്ത ലൊക്കേഷനിലോട്ട് പോകാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുന്നു.എഴുത്ത് ഉദ്വേഗജനകമായി എന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം..കമന്റിന് നന്ദി

krishnakumar513:സത്യം പറഞ്ഞാല്‍ ,രക്ഷപ്പെട്ട് ഇങ്ങ് നാട്ടിലെത്താമെന്ന് കരുതിയതല്ല...തടിയും കൊണ്ട് നാട്ടിലെത്തിയാലേ കപ്പലണ്ടിവിറ്റെങ്കിലും ജീവിക്കാമെന്നായിരുന്നു അപ്പോള്‍ ചിന്തിച്ച് കൊണ്ടിരുന്നത്...കമന്റിന് നന്ദി

അക്ബര്‍:ഇതുവഴി വരാന്‍ സമയം കണ്ടെത്തിയതിനും കമന്റിനും പ്രത്യേകം നന്ദി

Manju Manoj said...

ഈശ്വരാ.. ശ്വാസം പിടിച്ചാണ് വായിച്ചു തീര്‍ന്നത്.....എന്തൊരു അനുഭവം!!

കുഞ്ഞായി | kunjai said...

Manju Manoj:കുറച്ച് ദിവസങ്ങളേ അവിടെ കുടിങ്ങിക്കിടന്നുള്ളൂ ,ആ കുറച്ച് ദിവസങ്ങള്‍ തന്നെ ധാരാളമായിരുന്നു...ലിബിയയില്‍ ഇനിയും രക്ഷപ്പെടാന്‍ യാതൊരു വഴിയുമില്ലാതെ ഇനിയുമെത്രയോ ആളുകളുണ്ട് ...അവരെ ക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്...
കമന്റിന് നന്ദി

Vidheyan said...

Unbelievable man.... ithaanu parayunnathu....oro samayathu namukkellaam oronnu vidichitundennu...2-3 weeks delay in signing the contract would have changed a lot to u...not leaving mse,joining slb-saudi... and so many things....

siya said...

കുഞ്ഞായി ..പോസ്റ്റ്‌ ടെ തലക്കെട്ട്‌ പോലെ അത്രയും കഠിനമായ അനുഭവം .വായിച്ചു തീര്‍ന്നപ്പോള്‍ ,ഇതുപോലെ ഒരു അനുഭവം ബ്ലോഗില്‍ ഞാന്‍ വായിച്ചതും ആദ്യമായി ആണ് .
ദിവസങ്ങളോളം ഉറങ്ങാത്ത ആള്‍ക്കാരുടെ കണ്ണുകള്‍ അറിയാതെ അടഞ്ഞ് പോകുന്നുണ്ടായിരുന്നു...സഹായവുമായി അവരവരുടെ രാജ്യങ്ങളുടെ ഫ്ലൈറ്റ് കാത്ത് നില്‍ക്കുന്ന പാവങ്ങളായിരുന്നു അവര്‍.

എന്റെ കൊച്ചു വേദനകളുടെമുന്‍പില്‍ ഇതൊക്കെ വായിക്കുമ്പോള്‍ ...........എന്തായാലും ഈ അനുഭവംവായിക്കാന്‍ സാധിച്ചതില്‍ നന്ദിയും പറയുന്നു .

കുഞ്ഞായി | kunjai said...

vidheyan:ശെരിയാണ് എല്ലാം എഴുതപ്പെട്ടതാണെന്ന് തോന്നും ചിലപ്പോള്‍...ഇതുവഴി വന്ന് കമന്റടിച്ചിട്ട് പോയതിന് നന്ദി..

സിയാ:നന്ദി തിരിച്ചും..പോസ്റ്റ് വായിച്ച് സമയം കണ്ടെത്തി വിശദമായി കമെന്റെഴുതിയതിന് പ്രത്യേകം നന്ദി

കാഴ്ചകളിലൂടെ said...

സുഹൃത്തേ
എന്തായാലും രക്ഷപെട്ടല്ലോ . സന്തോഷം

സജീവ്‌

നിരക്ഷരൻ said...

ഒരു രക്ഷാപ്രവർത്തനത്തിന്റെ കാര്യം വന്നപ്പോഴും ആദ്യപരിഗണന യൂറോപ്യന്മാർക്ക്. ബാക്കിയുള്ള സ്ഥലത്ത് പോലും മറ്റാർക്കും കയറാൻ പാടില്ല. എനിയും എത്രനാൾ സഹിക്കണം ഇവന്മാരുടെ ഈ തൊലിവെളുപ്പിന്റെ അഹന്ത ?

ലിബിയ ഇപ്പോഴും പുകയുകയാണ്. രക്ഷപ്പെട്ടത് ഭാഗ്യമെന്നല്ലാതെ എന്തുപറയാൻ.

Prabhan Krishnan said...

ഹൊ..!
വല്ലാത്തൊരനുഭവം തന്നെ..!
സ്വാഭാവികത ചോരാതെ നാന്നായവതരിപ്പിച്ചു.

ആശംസകളോടെ..പുലരി

Unknown said...

ശരിക്കും ശ്വാസമടക്കി പിടിച്ചാണ് വായിച്ചത്..

കാളിയൻ - kaaliyan said...

തൊലി വെളുപ്പ് നോക്കി ആളെ രക്ഷപ്പെടുത്തുന്ന വെള്ളക്കാരന്റെ അഹന്തയും ജീവന്‍ കയ്യില്‍ പിടിച്ചുള്ള ദിവസങ്ങളും, ശരിക്കും ഭീതിദമായ ഒരു അനുഭവക്കുറിപ്പായി ...

Unknown said...

ആദ്യമായിട്ടാണിവിടെ, വായിച്ചു തരിച്ചിരുന്നു പോയി!
ടുണീസ്യയിലെ ആ ഒരാഴ്ചത്തെ വിശേഷങ്ങളെവിടെ?

മുബാറക്ക് വാഴക്കാട് said...

ഇനിയുള്ള യാത്രകളിലും എഴുത്തിലും സഹസഞ്ചാരിയായി കൂടെ കൂടുന്നു...

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം പിടിച്ചിരുത്തി വായിപ്പിച്ചു കേട്ടൊ കുഞ്ഞായി

കുഞ്ഞായി | kunjai said...

പ്രഭന് കൃഷ്ണൻ , സുനി , കാലിയാൻ ,നിരക്ഷരന് , ചീരമുളക് , Mubarak vazhakkad, മുരളീ മുകുന്ദന് : നന്ദി